കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന തർക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ രംഗത്തെത്തി. കോൺഗ്രസ് നടത്തുന്ന ഈ 'കസേര കളി' തികച്ചും അപഹാസ്യമാണെന്ന് അവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

യുഡിഎഫിന് മികച്ച ജനവിധിയാണ് ലഭിച്ചതെന്ന് സമ്മതിച്ച ശൈലജ ടീച്ചർ, എൽഡിഎഫിനേറ്റ തിരിച്ചടി ഗൗരവമായി പരിശോധിക്കുമെന്നും ജനകീയ വിഷയങ്ങളിൽ ഇടപെട്ട് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. എന്നാൽ, ജനവിധി ലഭിച്ചിട്ടും സർക്കാർ രൂപീകരണത്തിന് കാലതാമസം വരുത്തുന്ന കോൺഗ്രസിന്റെ നിലപാട് കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഇത്രയധികം തർക്കങ്ങൾ നടത്തുന്ന ഒരു പാർട്ടിക്ക് ഭാവിയിൽ സുപ്രധാനമായ തീരുമാനങ്ങൾ എങ്ങനെ കൈക്കൊള്ളാൻ കഴിയുമെന്ന് അവർ ചോദിക്കുന്നു. എത്രയും വേഗം ഈ അനിശ്ചിതത്വം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

Photo and News Source: Asianet News