ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം വെറും 14.2 ഓവറിൽ കൊൽക്കത്ത മറികടന്നു. ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട അലൻ 10 സിക്സറുകളും അഞ്ച് ഫോറുകളും സഹിതം പുറത്താകാതെ 100 റൺസ് അടിച്ചുകൂട്ടി.

തുടക്കത്തിൽ അജിങ്ക്യ രഹാനെയെയും അങ്ക്രിഷ് രഘുവംശിയെയും നഷ്ടപ്പെട്ട് കൊൽക്കത്ത ചെറിയൊരു പ്രതിസന്ധിയിലായെങ്കിലും, പിന്നീട് ക്രീസിലെത്തിയ ഫിൻ അലൻ ഡൽഹി ബൗളർമാരെ നിലംപരിശാക്കുകയായിരുന്നു. കാമറൂൺ ഗ്രീൻ (33*) അലന് മികച്ച പിന്തുണ നൽകി. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന കൊൽക്കത്ത തങ്ങളുടെ പ്ലേഓഫ് സാധ്യതകൾ സജീവമാക്കി.

നേരത്തെ ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് തുടക്കത്തിൽ ഭേദപ്പെട്ട സ്കോർ കണ്ടെത്താനായെങ്കിലും പിന്നീട് തകർച്ച നേരിടുകയായിരുന്നു. പതും നിസ്സങ്ക (50) അർധസെഞ്ചുറി നേടിയെങ്കിലും മറ്റ് മുൻനിര ബാറ്റർമാർക്ക് തിളങ്ങാനായില്ല. വാലറ്റത്ത് അശുതോഷ് ശർമ (39) നടത്തിയ പോരാട്ടമാണ് ഡൽഹിയെ 140 കടത്തിയത്. കൊൽക്കത്തയ്ക്കായി കാർത്തിക് ത്യാഗി, അനുകൂൽ റോയ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Photo and News Source: Suprabhaatham