സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ യുഡിഎഫ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായി ആരോപണം. സർവീസ് ചട്ടങ്ങളും സീനിയോറിറ്റിയും കാറ്റിൽ പറത്തിക്കൊണ്ട് വ്യാപകമായ സ്ഥലംമാറ്റങ്ങളാണ് വിവിധ വകുപ്പുകളിൽ നടക്കുന്നത്. സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഈ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ മാത്രം 35 ഓളം ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റിയത്. ഇതിൽ 17 പേരെ വകുപ്പ് ആസ്ഥാനത്തുനിന്നുമാണ് മാറ്റിയത്. പൊതു സ്ഥലംമാറ്റങ്ങൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരം നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് ഈ നിയമലംഘനം. ഉത്തരവിറങ്ങിയ ദിവസം തന്നെ ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിടുതൽ ചെയ്യണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലും സമാനമായ നടപടികൾ തുടരുകയാണ്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥരെ പോലും ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ രണ്ടു ദിവസത്തിനിടെ ഒരു ജീവനക്കാരിയെ രണ്ടുതവണ സ്ഥലംമാറ്റിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
ഈ അനധികൃത സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഹകരണ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി. ഭരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്ന ഇത്തരം നടപടികൾക്കെതിരെ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
Photo and News Source: Kairali News










