വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സഹസംവിധായകനെതിരെ മരട് പോലീസ് കേസെടുത്തു. ചെങ്ങന്നൂർ സ്വദേശിയായ ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലായ യുവതി പരാതി നൽകിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താൻ ഒരു സംവിധായകനാണെന്ന് വിശ്വസിപ്പിച്ചാണ് ജോജോ യുവതിയുമായി അടുപ്പത്തിലായത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലതവണ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനൊപ്പം തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ അതിജീവിതയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, യുവതിയുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമനടപടികൾ തുടരുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Photo and News Source: Mathrubhumi