മുഖ്യമന്ത്രി പദവി സംബന്ധിച്ച അന്തിമ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കേരള ഹൗസിൽ വൻ വരവേൽപ്പ്. ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹം ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ എത്തിയത്. പ്രവർത്തകരും വിദ്യാർഥികളും ചേർന്ന് സതീശനെ തോളിലേറ്റിയാണ് കേരള ഹൗസിലേക്ക് ആനയിച്ചത്. 'കണ്ണേ കരളേ വി ഡി എസ്സേ' എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവർത്തകരുടെ ആവേശം. യുഡിഎഫ് വിജയം ആഘോഷിക്കുന്നതിനായി 'കേരളം യുഡിഎഫ് തൂക്കി' എന്ന് എഴുതിയ കേക്ക് മുറിച്ചും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു.

സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്. എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിരീക്ഷകർ റിപ്പോർട്ട് തയ്യാറാക്കിയത്. കെ സി വേണുഗോപാലിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും, ജനവികാരം കൂടി പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും നിരീക്ഷകർ മല്ലികാർജുൻ ഖർഗെയെ നേരിട്ട് ധരിപ്പിച്ചു.

അജയ് മാക്കാനും മുകുൾ വാസ്‌നിക്കും ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. ഇതിനിടെ, മുഖ്യമന്ത്രി പദവിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ പക്ഷം. അതേസമയം, മുസ്ലിം ലീഗിന്റെ അഭിപ്രായം മാനിക്കാതെ തീരുമാനമെടുത്താൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. സംസ്ഥാനത്തുടനീളം വി ഡി സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഏറെ നിർണായകമാണ്.

Photo and News Source: Siraj Live