തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്നതിനായി ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും, പറയാനുള്ളത് തുറന്നു പറയണമെന്നും, നേതൃത്വം അത് കേൾക്കാനും തിരുത്താനും തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നാല് മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന യോഗം, ചർച്ചകൾ നീണ്ടതോടെ 13 മണിക്കൂറാണ് നീണ്ടുനിന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിൽ പതിവില്ലാത്ത വിധം രൂക്ഷമായ വിമർശനങ്ങളെ നേരിട്ടു. അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കണമെന്നും, പാർട്ടിയിൽ ജനാധിപത്യപരമായ അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എം.വി. ഗോവിന്ദനെതിരെ ഉയർന്ന വിമർശനങ്ങളിൽ, അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതുപോലും ഉചിതമാകുമെന്ന പരാമർശം ഉണ്ടായതായാണ് സൂചന.
പാർട്ടി അംഗങ്ങളുടെ മനസ്സ് പോലും എൽ.ഡി.എഫിന് അനുകൂലമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഉള്ളിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ കഴിയാത്ത വിധം സംഘടനാ സംവിധാനം മാറിയെന്നും, ഇത് ആദ്യം തിരുത്തണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എല്ലാവരെയും തുറന്ന മനസ്സോടെ കേൾക്കാനും, അതിനുള്ള അവസരം ഉണ്ടെന്ന് പ്രവർത്തകർക്ക് ബോധ്യപ്പെടാനും നേതൃത്വം തയ്യാറാകണം. അല്ലാത്തപക്ഷം നടത്തുന്ന തിരുത്തലുകൾ ഫലപ്രദമാകില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
Photo and News Source: Mathrubhumi










