നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ കടുത്ത ഭിന്നത രൂക്ഷമാകുന്നു. പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകൾ ശക്തമാണ്. നിരവധി മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും മമതയ്ക്കും അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കുമെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രമുഖ ചലച്ചിത്ര സംവിധായകനും മുൻ എംഎൽഎയുമായ രാജ് ചക്രവർത്തി, ഹൗറ കോർപ്പറേഷൻ മുൻ ചെയർമാൻ ഡോ. സുജയ് ചക്രവർത്തി എന്നിവർ പാർട്ടിയിൽ നിന്ന് രാജിവച്ചു. ഇതിൽ രാജ് ചക്രവർത്തി സജീവ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് തീരുമാനം. പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് ഈ രാജി പ്രഖ്യാപനങ്ങൾ.
കൂച്ച് ബെഹാറിലെ മുൻ മന്ത്രി രവീന്ദ്രനാഥ് ഘോഷ് പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് തുറന്നടിച്ചു. 'പാർട്ടി ഇപ്പോൾ രണ്ടായി പിളർന്നിരിക്കുന്നു. ഒരു വശത്ത് മമതയും മറുവശത്ത് അഭിഷേക് ബാനർജിയുമാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് അഭിഷേകാണ്. ദീദിയെ സ്വാധീനിച്ചാണ് അദ്ദേഹം ഓരോന്നും ചെയ്യിക്കുന്നത്,' രവീന്ദ്രനാഥ് ഘോഷ് ആരോപിച്ചു. ശിവപ്പൂർ മുൻ എംഎൽഎ മനോജ് തിവാരിയും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
പാർട്ടി വക്താവ് റിജു ദത്ത നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ സുവേന്ദു അധികാരിയെ വിമർശിച്ചതെന്ന് വെളിപ്പെടുത്തി. 'ഞാൻ പറഞ്ഞ 99 ശതമാനം കാര്യങ്ങളും പാർട്ടി നിർദ്ദേശപ്രകാരമാണ്. എനിക്ക് മാപ്പ് നൽകണം,' എന്ന് അദ്ദേഹം സുവേന്ദുവിനോട് പരസ്യമായി അഭ്യർത്ഥിച്ചു. ഐ-പാക് (I-PAC) പോലുള്ള കൺസൾട്ടൻസികൾ മമതയെ തെറ്റായ വഴിയിലേക്ക് നയിച്ചുവെന്ന് മുൻ എംഎൽഎ വികാസ് റോയി ചൗധരിയും കുറ്റപ്പെടുത്തി.
Photo and News Source: Janmabhumi









