കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ ലിംഗഭേദം രേഖപ്പെടുത്തുന്ന 'ജെന്‍ഡര്‍ ടിക്കറ്റിങ്' സംവിധാനം ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളില്‍ (ETM) ഇതിനായി പ്രത്യേക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, സോഫ്റ്റ്‌വെയറില്‍ വരുത്തിയ ഈ മാറ്റം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിലൂടെ ഭാവിയിലെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് സൂചന. ദിനംപ്രതി എത്ര സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാനും, അതുവഴി സൗജന്യ യാത്ര നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനുമാണ് ഈ കണക്കെടുപ്പ് ലക്ഷ്യമിടുന്നത്.
Photo and News Source: Sathyam Online










