തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങൾ തുടരുന്നു. തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയിട്ടില്ല എന്നതാണ് നിലവിലെ സാഹചര്യം.

വിജയ്ക്ക് കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് അനുമതി നൽകാനാവില്ലെന്ന നിലപാടിലാണ് ഗവർണർ. 116 പേരുടെ പിന്തുണ മാത്രമാണ് വിജയ്ക്കുള്ളതെന്നും, ലീഗ്, വിസികെ തുടങ്ങിയ കക്ഷികൾ ഔദ്യോഗികമായി പിന്തുണ അറിയിച്ചിട്ടില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ വിസികെ ഇമെയിൽ വഴി പിന്തുണ അറിയിച്ചെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൽ അനിശ്ചിതത്വം തുടരുകയാണ്.

സിപിഐഎമ്മും സിപിഐയും ടിവികെയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് വിജയ് ഗവർണറെ നേരിൽ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. ചെന്നൈയിലെ ജവഹർ ലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഗവർണറുടെ നിലപാട് കടുപ്പിച്ചതോടെ ടിവികെ ക്യാമ്പുകളിൽ ആശങ്ക പടരുകയാണ്.

Photo and News Source: Kairali News