ഹാന്റ വൈറസ് ബാധയെത്തുടർന്ന് മൂന്ന് യാത്രക്കാർ മരിച്ച എം.വി. ഹോൺഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പലിൽ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോർട്ട്. ബി.ബി.സി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാരാണ് നിലവിൽ കപ്പലിലുള്ളത്. ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് യാത്രതിരിച്ച കപ്പലിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് ഉണ്ടായിരുന്നത്. ഏപ്രിൽ 11-നാണ് കപ്പലിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.

നിലവിൽ കപ്പൽ സ്പെയിനിന്റെ ഭാഗമായ കാനറി ദ്വീപുകൾക്ക് സമീപം എത്തിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കപ്പലിന് നേരിട്ട് തീരത്തടുക്കാൻ അനുമതി നൽകിയിട്ടില്ല. ചെറു ബോട്ടുകൾ ഉപയോഗിച്ച് യാത്രക്കാരെ ഒഴിപ്പിക്കാനും തുടർന്ന് അവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുമാണ് സ്പാനിഷ് സർക്കാരിന്റെ തീരുമാനം. കപ്പലിൽ റിപ്പോർട്ട് ചെയ്ത എട്ട് കേസുകളിൽ മൂന്നെണ്ണം മാത്രമാണ് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുള്ളത്.

വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വളരെ അടുത്ത സമ്പർക്കം പുലർത്തിയാൽ മാത്രമേ ഈ വൈറസ് പകരുകയുള്ളൂ എന്ന് വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ അറിയിച്ചു. രോഗികളുമായി ഒരേ ക്യാബിൻ പങ്കിട്ടവർക്ക് പോലും വൈറസ് ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ആൻഡിസ് വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്.

ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) മേധാവി ഡോ. നവീൻ കുമാർ വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്ത്യയിൽ സാമൂഹിക വ്യാപനത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. എലിശല്യത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വൈറസ് ബാധ തിരിച്ചറിയാനുള്ള അത്യാധുനിക ലബോറട്ടറി സംവിധാനങ്ങൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo and News Source: Mathrubhumi