ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകളുടെ കുതിപ്പിന് തുടക്കമിട്ട മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മോഡലായി മാറിക്കഴിഞ്ഞു. മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ്, താങ്ങാനാവുന്ന വില എന്നിവയാണ് ഈ എസ്‌യുവിയെ ജനപ്രിയമാക്കിയത്. വാഹനം സ്വന്തമാക്കിയവർ മികച്ച അഭിപ്രായമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ ഈ ജനപ്രിയ എസ്‌യുവിയിൽ വമ്പൻ ഓഫറുകളാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം, ഗ്രാൻഡ് വിറ്റാരയുടെ സിഗ്മ മാനുവൽ വേരിയന്റിന് 1.08 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 90,000 രൂപ വരെ ഡിസ്‌കൗണ്ടും, സീറോ റോഡ് ടാക്സ് ആനുകൂല്യങ്ങളും (1.85 ലക്ഷം രൂപ വരെ), 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭ്യമാണ്. മറ്റ് പെട്രോൾ വേരിയന്റുകൾക്ക് 85,000 രൂപയും സിഎൻജി വേരിയന്റുകൾക്ക് 70,000 രൂപയും വരെ ഓഫറുകൾ കമ്പനി നൽകുന്നുണ്ട്.

നഗരം, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ഈ ഓഫറുകളിൽ മാറ്റങ്ങൾ വരാം. അതിനാൽ, വാഹനം ബുക്ക് ചെയ്യുന്നതിന് മുൻപ് അടുത്തുള്ള നെക്‌സ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കുന്ന ഗ്രാൻഡ് വിറ്റാരയ്ക്ക് 10.77 ലക്ഷം മുതൽ 19.57 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ ലിറ്ററിന് 27.97 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ എസ്‌യുവിക്ക് 210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും മികച്ച സുരക്ഷാ ഫീച്ചറുകളുമുണ്ട്. പെട്രോൾ, സിഎൻജി, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

Photo and News Source: DriveSpark