പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് പരസ്യപ്രകടനം നടത്തിയതിന് ഇടുക്കിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നാല് പേരെ പദവികളിൽ നിന്ന് നീക്കം ചെയ്തത്. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, റോബിൻ മൈലാടി എന്നിവർക്കെതിരെയാണ് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു നടപടി സ്വീകരിച്ചത്.

ഹൈക്കമാൻഡ് നിർദേശങ്ങൾ ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതാണ് നടപടിക്ക് കാരണമായത്. വി ഡി സതീശനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾക്കെതിരെയും പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വി ഡി സതീശനെ അനുകൂലിച്ചുകൊണ്ട് പോസ്റ്ററുകൾ പതിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നത് പാർട്ടിയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

കോഴിക്കോട് മുതലക്കുളം മുതൽ പാളയം വരെ വി ഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 'പട നയിച്ചവൻ നാട് നയിക്കും' എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. നേതാക്കൾ പരസ്യമായി പോരടിക്കുന്നത് വോട്ടർമാരെ നിരാശരാക്കുന്നുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയിലെ ഈ വിഭാഗീയത കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Photo and News Source: Kairali News