മധ്യപ്രദേശിലെ സത്‌ന സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്ന ഫിറോസ ഖാത്തൂനും, കൊലക്കേസ് പ്രതിയായിരുന്ന ധര്‍മേന്ദ്ര സിങ്ങും വിവാഹിതരായി. ജയിലിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ തുടങ്ങിയ പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറിയത്. ബുണ്ടേല്‍ഖണ്ഡ് മേഖലയിലെ ഛത്തര്‍പൂര്‍ സ്വദേശിയാണ് ധര്‍മേന്ദ്ര സിങ്.

2007-ല്‍ മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കൃഷ്ണ ദത്ത് ദീക്ഷിതിനെ കൊലപ്പെടുത്തിയ കേസിലാണ് ധര്‍മേന്ദ്ര സിങ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. സത്‌ന സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന ഫിറോസ ഖാത്തൂന് വാറന്റ് ഇന്‍-ചാര്‍ജിന്റെ ചുമതലയുണ്ടായിരുന്നു. ഈ സമയത്ത് വാറന്റ് സംബന്ധമായ ജോലികളില്‍ ധര്‍മേന്ദ്ര സിങ് ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. ഈ ഔദ്യോഗിക ഇടപെടലുകളാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വഴിയൊരുക്കിയത്.

നല്ല നടപ്പിനെത്തുടര്‍ന്ന് 14 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാല് വര്‍ഷം മുമ്പാണ് ധര്‍മേന്ദ്ര സിങ് ജയില്‍ മോചിതനായത്. ജയില്‍ മോചനത്തിന് ശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് അഞ്ചിന് ഛത്തര്‍പൂരിലെ ലവ്കുശ് നഗറില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. ഫിറോസയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായും, അതിനാല്‍ അവര്‍ വിവാഹ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Photo and News Source: Siraj Live