കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ച് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ രംഗത്ത്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെടുന്നവരിൽ കെ സി വേണുഗോപാലിനാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്ന് ടി പത്മനാഭൻ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിചയസമ്പത്തും വ്യക്തിബന്ധങ്ങളും കണക്കിലെടുക്കുമ്പോൾ കെ സി വേണുഗോപാൽ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർലമെന്റിലും നിയമസഭയിലും തന്റെ പ്രവർത്തന മികവ് തെളിയിക്കാൻ കെ സി വേണുഗോപാലിന് സാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും അദ്ദേഹത്തെ നയിക്കുന്ന വ്യക്തിയുമാണ് വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവുകളെയും അർഹതകളെയും മുൻനിർത്തിയാണ് താൻ ഈ പിന്തുണ നൽകുന്നതെന്ന് ടി പത്മനാഭൻ വ്യക്തമാക്കി.

Photo and News Source: Sathyam Online