സിനിമാ ലോകത്ത് തനിക്കെതിരെ ചില മുൻധാരണകൾ നിലനിൽക്കുന്നുണ്ടെന്ന് നടൻ ഷെയ്ൻ നിഗം. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കൊപ്പം അഭിനയിക്കാൻ എത്തുന്നവരോട് പലരും തെറ്റായ കാര്യങ്ങൾ പറഞ്ഞു പരത്താറുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ തനിക്ക് മുൻപ് വീഴ്ചകൾ പറ്റിയിട്ടുണ്ടെന്നും, എന്നാൽ ഇപ്പോൾ കാര്യങ്ങളെ കൂടുതൽ പക്വതയോടെയാണ് സമീപിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു. സിനിമകളുടെ തിരഞ്ഞെടുപ്പിലും ഇപ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്. നല്ല പ്രൊഡക്ഷൻ ഹൗസുകളുമായി സഹകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മുൻപ് തിരക്കഥയുടെ ഗുണനിലവാരത്തിൽ മാത്രം വിശ്വസിച്ചിരുന്ന താൻ, അമിതമായ ആത്മവിശ്വാസം കാരണം പലപ്പോഴും തെറ്റായ ആളുകളുമായി സഹകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടക്കുന്ന കാര്യങ്ങൾ പലപ്പോഴും വളച്ചൊടിക്കപ്പെട്ടാണ് പുറത്തുവരുന്നത്. പത്ത് ശതമാനം മാത്രം നടന്ന കാര്യങ്ങൾ നൂറ് ശതമാനമായി ചിത്രീകരിക്കപ്പെടുന്നു. ഒരാളെ തകർക്കാനും ഉയർത്താനും മികച്ച പിആർ വർക്ക് മതിയെന്ന് ഷെയ്ൻ നിഗം തുറന്നടിച്ചു. ഹൈദരാബാദിൽ വെച്ച് ഒരു പ്രമുഖ ഛായാഗ്രാഹകനെ കണ്ടപ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി തന്റെ നമ്പർ ലഭിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടും ആരും നൽകിയില്ലെന്ന് അറിഞ്ഞത് ഞെട്ടിച്ചുവെന്നും താരം പറഞ്ഞു.
നമ്മളാരും പൂർണ്ണരല്ല, എന്നാൽ ചിലരുടെ പ്രശ്നങ്ങൾ മാത്രം എന്തുകൊണ്ട് ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നു എന്ന് ഷെയ്ൻ ചോദിക്കുന്നു. അതേസമയം, ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന 'ദൃഢം' എന്ന ചിത്രം മെയ് 8-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Photo and News Source: Samakalika Malayalam










