ഇന്ത്യൻ-അമേരിക്കൻ സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ദ്ധനായ ആഷ്ലി ജെ. ടെല്ലിസിനെതിരെ ചുമത്തിയിരുന്ന ചാരക്കേസ് യുഎസ് ഫെഡറൽ കോടതി തള്ളിക്കളഞ്ഞു. അതീവരഹസ്യമായ രേഖകൾ അനധികൃതമായി കൈവശം വെച്ചു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് മൈക്കൽ എസ്. നാച്‌മനോഫ് വ്യക്തമാക്കി. വിർജീനിയയിലെ അലെക്സാന്ദ്രയിലുള്ള കോടതിയാണ് കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും പെന്റഗണിലും സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ അതീവരഹസ്യമായ 11 പ്രതിരോധ രേഖകൾ വീട്ടിലേക്ക് കൊണ്ടുപോയെന്നും, അവ ചൈനീസ് ഏജന്റുമാർക്ക് കൈമാറിയെന്നുമാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. എന്നാൽ, ഈ രേഖകൾ കൈവശം വെച്ചതിന് പ്രോസിക്യൂഷൻ ഉപയോഗിച്ച 793-ാം വകുപ്പ് ടെല്ലിസിന്റെ കാര്യത്തിൽ ബാധകമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ടെല്ലിസിന് ഉയർന്ന സുരക്ഷാ ക്ലിയറൻസ് ഉണ്ടായിരുന്നുവെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി സർക്കാർ തന്നെ അദ്ദേഹത്തെ ഇത്തരം രേഖകൾ ഏൽപ്പിച്ചിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിൽ തന്നെ ഇക്കാര്യം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ദീർഘകാലമായി ദേശീയ സുരക്ഷ, പ്രതിരോധം, ഇന്തോ-പസഫിക് നയം എന്നീ വിഷയങ്ങളിൽ അമേരിക്കൻ സർക്കാരിന്റെ വിശ്വസ്തനായ ഉപദേഷ്ടാവാണ് ആഷ്ലി ടെല്ലിസ്.

Photo and News Source: Sathyam Online