ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവറും ആർ.എസ്.എസും തമ്മിൽ വോട്ട് കച്ചവടം നടന്നതായി ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. ബി.ജെ.പിയുടെ വോട്ടുകൾ വ്യാപകമായി പി.വി അൻവറിന് മറിച്ചു നൽകിയെന്നും, ഇതിലൂടെ അയ്യായിരത്തിലധികം വോട്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടെന്നുമാണ് പുറത്തുവരുന്ന വിവരം. ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, ഫറോക്ക് മേഖലകളിലെ വിവിധ ബൂത്തുകളിൽ ബി.ജെ.പി വോട്ടുകളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് ഈ ആരോപണങ്ങൾക്ക് ബലം നൽകുന്നു.

പഴയ ബേപ്പൂർ പഞ്ചായത്തിലെ 9, 33, 27, 35, 36, 37, 39, 50, 51, 53 എന്നീ ബൂത്തുകളിലും ചെറുവണ്ണൂരിലെ 103, 99 ബൂത്തുകളിലും ബി.ജെ.പിക്ക് വോട്ട് ഗണ്യമായി കുറഞ്ഞു. കൂടാതെ കടലുണ്ടിയിലെ 189, 203 ബൂത്തുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ 138, 139, 140 ബൂത്തുകളിലും സമാനമായ രീതിയിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു തന്നെ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും ബേപ്പൂരിൽ വോട്ട് കുറഞ്ഞത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

കോഴിക്കോട് നോർത്ത്, സൗത്ത്, കുന്നമംഗലം തുടങ്ങിയ സമീപ മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് നില മെച്ചപ്പെടുത്തിയപ്പോഴും ബേപ്പൂരിൽ കഴിഞ്ഞ തവണത്തെ വോട്ടുകൾ നിലനിർത്താൻ പോലും പാർട്ടിക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുഹമ്മദ് റിയാസിനെതിരെ പി.വി അൻവറും ബി.ജെ.പി നേതാക്കളും ഒരേ സ്വരത്തിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ചത് ഈ രഹസ്യധാരണയുടെ ഭാഗമാണെന്നാണ് ആരോപണം.

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ബോധപൂർവ്വം മാറ്റിനിർത്തിയ കേന്ദ്ര സർക്കാർ നടപടിയും ഈ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. പി.വി അൻവർ ആർ.എസ്.എസുമായി ധാരണയിലെത്തിയാണ് മത്സരിക്കാൻ എത്തിയതെന്ന നേരത്തെയുള്ള ആരോപണങ്ങൾ ഈ വോട്ട് കണക്കുകൾ കൂടുതൽ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ വലിയൊരു വിഭാഗം വോട്ടുകൾ പി.വി അൻവറിലേക്ക് എത്തിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Photo and News Source: Kairali News