പത്തനാപുരം പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ പതിനഞ്ചുകാരിയായ രേവതിക്ക് പാമ്പ് കടിയേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പും എലിയും പെൺകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എലി ശല്യം രൂക്ഷമായതിനാൽ ലൈറ്റ് ഓഫ് ചെയ്യാതെയാണ് വീട്ടുകാർ ഉറങ്ങിയിരുന്നത്.

ദേഹത്ത് എന്തോ വീണതറിഞ്ഞ് ഞെട്ടിയുണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിക്കുകയായിരുന്നു. ആദ്യം കാലിലെ മുറിവ് കണ്ട് എലി കടിച്ചതാകുമെന്ന് കരുതിയെങ്കിലും, പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

രേവതിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും അയൽവാസികളും പാമ്പിനെ കണ്ടിരുന്നു. അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പ് പിന്നീട് ഭിത്തിയിലെ മാളത്തിലേക്ക് ഒളിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ തറ കുഴിച്ചു പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രേവതിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ നിരീക്ഷിച്ചുവരികയാണ്. പാമ്പ് കടിയേറ്റതിനെ തുടർന്നുണ്ടായ ആശങ്കയിലാണ് പ്രദേശവാസികൾ.

Photo and News Source: Kerala Kaumudi Latest