ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളും ബ്രസീലിയൻ ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയുമാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളായത്. കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നുവെന്നും, വരും മാസങ്ങളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുടർ ചർച്ചകൾ നടത്തുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ബ്രസീലിലെ അപൂർവ്വ ധാതു ശേഖരത്തെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായതായാണ് സൂചന. അപൂർവ്വ ധാതുക്കളുടെ മേഖലയിലേക്ക് ഏത് രാജ്യത്തുനിന്നുള്ള നിക്ഷേപത്തെയും സ്വാഗതം ചെയ്യാൻ ബ്രസീൽ തയ്യാറാണെന്ന് ലൂല വ്യക്തമാക്കി. മുൻപ് ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ പിന്തുണച്ചിരുന്ന ട്രംപ്, ലൂലയ്‌ക്കെതിരെ പലതവണ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ, ഇറക്കുമതി തീരുവ, വെനസ്വേല, ഗാസ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും മുൻപ് പരസ്യമായി അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടന്ന കൂടിക്കാഴ്ച അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
Photo and News Source: Kerala Kaumudi Latest









