കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി തുടരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമായതോടെ പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രതിഷേധിക്കുകയും തെരുവിലിറങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
തിരുവനന്തപുരം നഗരത്തിൽ കെ സി വേണുഗോപാലിന് മറുപടിയായി വി ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചു. വെള്ളയമ്പലം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ കെ സി വേണുഗോപാലിന്റെ ബോർഡിന് തൊട്ടടുത്ത് തന്നെ വി ഡി സതീശന്റെ ബോർഡുകളും ഉയർന്നു. 'കുഞ്ഞൂഞ്ഞിനു ശേഷം കെ സി' എന്ന ഫ്ലെക്സിന് മറുപടിയായി 'ജനതയും ഞങ്ങളുടെ ജനിതകവും' എന്ന മുദ്രാവാക്യമാണ് വി ഡി സതീശൻ അനുകൂലികൾ ഉയർത്തുന്നത്.
ഈ മുഖ്യമന്ത്രി തർക്കം ഇപ്പോൾ പരസ്യമായ പോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. പലയിടങ്ങളിലും പ്രവർത്തകർ തമ്മിൽ വാക്കുതർക്കങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വി ഡി സതീശനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തുമ്പോൾ, കെ സി വേണുഗോപാലിനെ പിന്തുണച്ച് തൃക്കരിപ്പൂർ നിയുക്ത എം എൽ എ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ എഐസിസി നേതൃത്വത്തിന് നിരീക്ഷകർ ഇന്ന് റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന.
Photo and News Source: Kairali News









