അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില കുറഞ്ഞതോടെ ഓഹരി വിപണിയിൽ നിക്ഷേപകർ വീണ്ടും സജീവമായി. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർത്തിയതോടെ രാജ്യത്തെ കോർപ്പറേറ്റ് മേഖല വലിയ ആശങ്കയിലായിരുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 96 ഡോളറിലേക്ക് താഴ്ന്നത് വിപണിക്ക് അനുകൂലമായി മാറി.

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന സൂചനകളും ഗൾഫ് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം സാധാരണ നിലയിലാക്കുമെന്ന പ്രതീക്ഷയുമാണ് വില കുറയാൻ പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറയുന്നത് ആഗോളതലത്തിൽ നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിൽ നിക്ഷേപകർ ഡോളറുകളിൽ നിന്നും യു.എസ് ബോണ്ടുകളിൽ നിന്നും പിന്മാറി. ഇതോടെ ആഗോള വിപണിയിൽ ഡോളർ ദുർബലമാവുകയും രൂപയുടെ മൂല്യം 0.5 ശതമാനം ഉയർന്ന് 94.25 എന്ന നിലയിലെത്തുകയും ചെയ്തു.

ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിന് സാധ്യത തെളിഞ്ഞതോടെ വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിദേശ ഫണ്ടുകൾ വൻതോതിൽ ഓഹരികൾ വാങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ നാല് മാസങ്ങളിൽ 1.65 ലക്ഷം കോടി രൂപ പിൻവലിച്ചതിന് ശേഷമാണ് വിദേശ നിക്ഷേപകർ വീണ്ടും ആവേശത്തോടെ തിരിച്ചെത്തുന്നത്.

അതേസമയം, പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം തെളിയുന്നത് സ്വർണ്ണ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 40 ഡോളർ വർധിച്ച് 4,736 ഡോളറിലെത്തി. ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തിൽ സ്വർണ്ണ വില പവന് 640 രൂപ വർധിച്ച് 1,12,200 രൂപയായി ഉയർന്നു.

Photo and News Source: Kerala Kaumudi Latest