സ്വകാര്യത എന്നത് നാം ഒളിച്ചുവെക്കേണ്ട ഒന്നല്ല, മറിച്ച് നമുക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ്. ഡിജിറ്റൽ ലോകത്ത് ഒന്നും സൗജന്യമല്ലെന്ന് നാം തിരിച്ചറിയണം. ഇന്റർനെറ്റിൽ സൗജന്യമായി എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ, അവിടെ നാം നൽകുന്നത് നമ്മുടെ വ്യക്തിഗത വിവരങ്ങളാണ്. 'പാട്രിയറ്റ്', 'പ്രതിഛായ' എന്നീ സിനിമകൾ ഡിജിറ്റൽ യുഗത്തിലെ അപകടങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എന്നാൽ, താരരാധനയുടെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിൽ ഈ സിനിമകൾ മുന്നോട്ടുവെക്കുന്ന ഗൗരവകരമായ വിഷയങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്നു.

ഈ സിനിമകൾ കാണിച്ചുതരുന്നത് വൻകിട കോർപറേറ്റുകൾ എങ്ങനെയാണ് നമ്മുടെ വിവരങ്ങൾ ഉപയോഗിച്ച് ഭരണകൂടങ്ങളെയും ജനങ്ങളെയും നിയന്ത്രിക്കുന്നത് എന്നാണ്. സൈബർ കേസുകളിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, സിനിമകൾ പറയുന്നതിനേക്കാൾ ഭീകരമാണ് നമ്മുടെ ചുറ്റുമുള്ള യാഥാർത്ഥ്യമെന്ന് ഞാൻ കരുതുന്നു. കണ്ണൂരിലെ നിതിൻ രാജ് എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യ ഇതിനൊരു ഉദാഹരണമാണ്. വെറും 5,000 രൂപയ്ക്ക് വേണ്ടി ഇൻസ്റ്റാൾ ചെയ്ത ലോൺ ആപ്പ് അവന്റെ ഫോണിലെ മുഴുവൻ വിവരങ്ങളും കൈക്കലാക്കുകയും, പിന്നീട് മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് അവനെ മാനസികമായി തകർക്കുകയുമായിരുന്നു.

2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ വഴി ഏകദേശം 20,000 കോടി രൂപയിലധികം ജനങ്ങൾക്ക് നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇത്തരം 'സോഷ്യൽ എക്സ്റ്റോർഷൻ' തട്ടിപ്പുകൾ ഇന്ന് സാധാരണക്കാരുടെ വീട്ടുവാതിൽക്കൽ വരെ എത്തിയിരിക്കുന്നു. ഭരണകൂടങ്ങൾ ഇത്തരം ആപ്പുകൾ നിരോധിച്ചാലും പുതിയ പേരുകളിൽ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതിനാൽ, നിയമപരമായ പരിരക്ഷയേക്കാൾ ഉപരിയായി വ്യക്തിപരമായ ജാഗ്രതയാണ് പ്രധാനം.

നാം മൊബൈൽ ഫോണുകളിൽ നൽകുന്ന ഓരോ 'പെർമിഷനും' എത്രത്തോളം അപകടകരമാണെന്ന് പലരും തിരിച്ചറിയുന്നില്ല. ആധാർ വിവരങ്ങൾ മുതൽ ഇൻഷുറൻസ് ഡാറ്റ വരെ ചോരുന്ന വാർത്തകൾ നാം ദിവസവും കേൾക്കുന്നു. 2023-ൽ മാത്രം 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ സുരക്ഷയിൽ അമിത വിശ്വാസമർപ്പിക്കാതെ, ഓരോ ചുവടും അതീവ ജാഗ്രതയോടെ വേണം മുന്നോട്ട് വെക്കാൻ.

Photo and News Source: Siraj Live