നവചേതന സോഹാർ സംഘടിപ്പിക്കുന്ന 'ഡാൻസ് ഉത്സവ് സീസൺ 4'-ന്റെ ഗ്രാൻഡ് ഫിനാലെ മെയ് 8 വെള്ളിയാഴ്ച സോഹാറിലെ ഗ്രീൻ ഒയാസിസ് ഹോട്ടൽ ഹാളിൽ അരങ്ങേറും. ഒമാനിലെ കലാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സാംസ്‌കാരിക സംഗമം, നൃത്തത്തിന്റെയും കലയുടെയും മനോഹരമായ ഒരു വേദിയായിരിക്കും.

കഴിഞ്ഞ ഏപ്രിൽ 10-ന് നടന്ന ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളാണ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്. സിനിമാറ്റിക്, സെമി-ക്ലാസിക്കൽ, സമകാലിക നൃത്തം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. വിവിധ പ്രായത്തിലുള്ള കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രൊഫഷണൽ വേദിയിൽ തെളിയിക്കാൻ ഈ മത്സരം വലിയ അവസരമാണ് ഒരുക്കുന്നത്.

ഈ വർഷത്തെ മത്സരത്തിൽ വിധികർത്താക്കളായി എത്തുന്നത് പ്രശസ്ത സിനിമാതാരം സരയു മോഹനും നൃത്തസംവിധായകൻ ബിജു ധ്വനി തരഗുമാണ്. പരിപാടിയുടെ വിജയത്തിനായി നിഖിൽ എസ് രാജ്, പാർവതി അഭിജിത്ത്, സാന്റി മനീഷ് എന്നിവരടങ്ങുന്ന സംഘാടക സമിതി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നവചേതന സോഹാർ പ്രസിഡന്റ് അനീഷ് എറാടത്ത്, സെക്രട്ടറി ഹരികൃഷ്ണൻ എം.കെ എന്നിവർ അറിയിച്ചതനുസരിച്ച്, മുഴുവൻ ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. ഓരോ വർഷവും ജനപങ്കാളിത്തം വർധിച്ചുവരുന്ന ഡാൻസ് ഉത്സവിന്റെ നാലാം പതിപ്പ് മികച്ച കലാവിരുന്നായിരിക്കുമെന്നും സംഘാടകർ ഉറപ്പുനൽകുന്നു.

Photo and News Source: Mathrubhumi