തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന യുഡിഎഫ്-ബിജെപി അക്രമങ്ങളെ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ശക്തമായി അപലപിച്ചു. ഇത്തരം അക്രമങ്ങൾക്ക് മുന്നിൽ പാർട്ടി കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിലവിൽ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ സാഹചര്യം ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ആദ്യമായി മൂന്ന് സീറ്റുകളിൽ വിജയിച്ചതിന് പിന്നിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഒത്താശയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി എൽഡിഎഫ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ജനങ്ങൾ വർഗീയമായി ചേരിതിരിയുന്ന സാഹചര്യം ഒഴിവാക്കണമെന്നും, വർഗീയ നിലപാടുകളിലേക്ക് നാടിനെ തിരികെ കൊണ്ടുപോകാനുള്ള നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Photo and News Source: Sathyam Online










