നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി എൽഡിഎഫിന്റെ അവസാനമല്ലെന്നും, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ ഫലമാണ് ഉണ്ടായതെങ്കിലും, എല്ലാ പ്രതിസന്ധികൾക്കിടയിലും തങ്ങളെ പിന്തുണച്ച ജനങ്ങളോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജനവിധിയെ പൂർണ്ണമായ ആദരവോടെ സ്വീകരിക്കുന്നതായും വിജയിച്ച യുഡിഎഫിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവകേരള നിർമ്മാണത്തിനായി മുന്നോട്ടുവെച്ച വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നയങ്ങൾ തുടർന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിച്ചുകൊണ്ട്, ജനക്ഷേമകരമായ കാര്യങ്ങളിൽ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് പിണറായി വിജയൻ പറഞ്ഞു. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമായ സാഹചര്യമാണെന്നും, വർഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് നടന്ന വ്യാജപ്രചാരണങ്ങളെയും ചില മാധ്യമങ്ങളുടെ പക്ഷപാതപരമായ ഇടപെടലുകളെയും അദ്ദേഹം വിമർശിച്ചു. ഇത്തരം അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ജനവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Kairali News










