അർജന്റീനിയൻ തീരത്തുനിന്നും യാത്ര തിരിച്ച ഡച്ച് ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കിടയിൽ ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കപ്പലിലെ എട്ടുപേർക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്നുപേർ ഇതിനോടകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. രോഗബാധിതരെ പരിശോധിച്ച ഡോക്ടർ ഉൾപ്പെടെയുള്ളവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
എലികളിൽ നിന്നാണ് പ്രധാനമായും ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധയുണ്ടായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ വൈറസ് മറ്റുള്ളവരിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. ഈ വൈറസ് ബാധയുടെ ഏറ്റവും വലിയ വെല്ലുവിളി രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന സമയദൈർഘ്യമാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് എട്ടു മുതൽ 40 ദിവസങ്ങൾക്ക് ശേഷമേ രോഗലക്ഷണങ്ങൾ പുറത്തുവരികയുള്ളൂ.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ, വൈറസ് വ്യാപനം അതിവേഗത്തിലാകാൻ ഇത് കാരണമാകുന്നു. നിലവിൽ ഈ രോഗത്തിന് കൃത്യമായ ചികിത്സയോ വാക്സിനോ ലഭ്യമല്ല എന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. മരണനിരക്ക് കൂടുതലായതിനാൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, കപ്പലിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും രോഗവ്യാപനം തടയാനും ആഗോളതലത്തിൽ കോൺടാക്ട് ട്രെയ്‌സിങ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Photo and News Source: Mathrubhumi









