മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിലും അത്താഴങ്ങളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അപ്പം. എന്നാൽ പതിവ് അപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടയംകാരുടെ സ്വന്തം 'പുളിച്ച അപ്പം' പരീക്ഷിക്കാവുന്നതാണ്. വിശേഷാവസരങ്ങളിൽ കോട്ടയത്ത് തയ്യാറാക്കുന്ന ഈ വിഭവം, സാധാരണ അപ്പത്തെപ്പോലെ തന്നെ മൃദുവാണെങ്കിലും നല്ല കനത്തിൽ കട്ടിയായാണ് തയ്യാറാക്കുന്നത്.
പുളിച്ച അപ്പം തയ്യാറാക്കാൻ അരക്കപ്പ് അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒന്നരക്കപ്പ് വെള്ളം, തലേദിവസം കുതിർത്ത അരക്കപ്പ് ഉഴുന്ന്, ആവശ്യത്തിന് ഉപ്പ്, ഒരു ടീ സ്പൂൺ ആക്ടിവേറ്റ് ചെയ്ത യീസ്റ്റ്, അരക്കപ്പ് ഇളം ചൂടുള്ള പാൽ, ഒരു കപ്പ് തണുത്ത പാൽ, ഒരു കപ്പ് വെളിച്ചെണ്ണ, ഒരു കപ്പ് ചെറിയ ഉള്ളി, കാൽക്കപ്പ് കറിവേപ്പില എന്നിവ ആവശ്യമാണ്.
ആദ്യം അരിപ്പൊടിയും പഞ്ചസാരയും വെള്ളവും ചേർത്ത് ചെറുതീയിൽ ഇളക്കി കുറുക്കി എടുക്കുക. കുതിർത്ത ഉഴുന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാത്രത്തിൽ അപ്പം പൊടി, അരച്ച ഉഴുന്ന്, പഞ്ചസാര, ഉപ്പ്, യീസ്റ്റ്, ഇളം ചൂടുള്ള പാൽ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ കുറുക്കും തണുത്ത പാലും ചേർത്ത് കട്ടയില്ലാതെ മാവാക്കി ഒരു മണിക്കൂർ വെക്കുക.
മാവ് പുളിച്ച ശേഷം, പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റുക. അപ്പച്ചട്ടിയിൽ മാവ് കട്ടിക്ക് ഒഴിച്ച്, വെന്തു തുടങ്ങുമ്പോൾ വഴറ്റിയ ഉള്ളിയും കറിവേപ്പിലയും മുകളിൽ വിതറുക. അടിഭാഗം വെന്തുകഴിയുമ്പോൾ മറിച്ചിട്ട് പാകമായാൽ സ്വാദിഷ്ടമായ പുളിച്ച അപ്പം തയ്യാർ.
Photo and News Source: Kerala Kaumudi








