തിരുവനന്തപുരം നെടുമങ്ങാട് ചെറിയകൊണ്ണി കട്ടറക്കുഴി കാനാവില്‍ ഫെബിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ വീടിന്റെ മുറ്റത്ത് വെച്ച് കത്തിനശിച്ചു. രാത്രി ചാര്‍ജ് ചെയ്യാന്‍ വെച്ചതിന് ശേഷമാണ് അപകടം സംഭവിച്ചത്. ഫെബിന്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ട ശേഷം ഉറങ്ങാന്‍ കിടക്കുകയായിരുന്നു.
പുലര്‍ച്ചെ രണ്ടരയോടെ വലിയൊരു സ്‌ഫോടന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഞെട്ടി ഉണര്‍ന്നത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ കാര്‍ പൂര്‍ണമായും അഗ്നിഗോളമായി മാറുന്നത് കണ്ടു. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയും ചെയ്തു. തുടര്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഫയര്‍ഫോഴ്‌സ് കാറിന്റെ ബാറ്ററി അഴിച്ചുമാറ്റി.
അപകടത്തില്‍ കാറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് കാര്‍ കമ്പനി അധികൃതരും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.
Photo and News Source: Siraj Live










