കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുസ്ലിം ലീഗ് ഇടപെട്ടതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്ത്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും അത്തരമൊരു സമീപനമാണ് ലീഗിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി ലീഗ് പ്രതിസന്ധിയിലായപ്പോഴെല്ലാം കോൺഗ്രസ് അവർക്കൊപ്പം നിന്നിട്ടുണ്ടെന്നും, പരസ്പര ധാരണയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാർട്ടി തീരുമാനിക്കുന്ന വ്യക്തിയായിരിക്കും മുഖ്യമന്ത്രിയാകുകയെന്നും, കോൺഗ്രസിനുള്ളിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതകളില്ലെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു. ഏറ്റവും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനമായിരിക്കും ഹൈക്കമാൻഡ് കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് ലീഗ് നേതൃത്വം പരസ്യമായി രംഗത്തെത്തിയത് മുന്നണി മര്യാദകൾക്ക് വിരുദ്ധമാണെന്ന വികാരം കോൺഗ്രസിനുള്ളിൽ ശക്തമാണ്.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾക്കായി എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൽ വാസ്‌നിക് എന്നിവർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും ഇവർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിയമസഭാ കക്ഷിയോഗം ചേർന്ന് ഹൈക്കമാൻഡിനെ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കും. നിരീക്ഷകർ ഡൽഹിയിൽ മടങ്ങിയ ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
Photo and News Source: Siraj Live









