കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ തേടുക. ജനവിധി വന്ന് രണ്ടാം ദിവസം തന്നെ നേതൃത്വത്തെ കണ്ടെത്താനുള്ള നടപടികളിലേക്ക് പാര്‍ട്ടി കടക്കുകയാണ്. എംഎല്‍എമാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിക്കുന്നതിനൊപ്പം മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായങ്ങളും നിരീക്ഷകര്‍ കേള്‍ക്കും.

നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണമെന്ന നിലപാടിലാണ് കെ.സി. വേണുഗോപാല്‍ പക്ഷം. തങ്ങള്‍ക്ക് 50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍, കെ.സി. വേണുഗോപാല്‍ എംപി ആണെന്നതും മുഖ്യമന്ത്രിയായാല്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നേരിടേണ്ടി വരുമെന്നതും ഇവര്‍ക്ക് തിരിച്ചടിയായേക്കാം. അതേസമയം, പൊതുവികാരവും ഘടകകക്ഷികളുടെ അഭിപ്രായവും മാനിക്കണമെന്ന നിലപാടിലാണ് വി.ഡി. സതീശന്‍ പക്ഷം.

യുഡിഎഫിന്റെ വിജയത്തില്‍ തന്റെ സിഗ്‌നേച്ചര്‍ പതിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പാര്‍ട്ടി നടപടിക്രമങ്ങള്‍ കൃത്യമായി നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരില്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറുവശത്ത്, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ട്. തനിക്ക് 25 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ചെന്നിത്തലയുടെ വാദം.

കേന്ദ്ര നേതൃത്വം എംപിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് തടഞ്ഞാല്‍, കെ.സി. വേണുഗോപാല്‍ പക്ഷം രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. സതീശനെ വളര്‍ത്തുന്നത് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. ഡല്‍ഹിയിലെത്തിയ ചെന്നിത്തല മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം നിര്‍ണായകമാകും.

Photo and News Source: Newsthen