യുഎസ്, ഇറാൻ എന്നിവർ മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനോട് അടുക്കുന്നുവെന്ന് 'ആക്സിയോസ്' റിപ്പോർട്ട്. ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുമെന്നാണ്. എന്നാൽ 67 ദിവസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലേക്ക് എത്താൻ കൂടുതൽ സമയമെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോട് പറഞ്ഞു. "നമ്മൾ കരാർ ഒപ്പുവയ്ക്കും, പക്ഷെ ഇനിയും സമയമെടുക്കും" എന്നാണ് ട്രംപ് പറഞ്ഞത്.

കരാർ ഉണ്ടായാൽ ഒപ്പിടാൻ ഇസ്ലാമാബാദിലേക്കു പോകുമെന്നും ട്രംപ് മുൻപ് പ്രസ്താവിച്ചിരുന്നു. ചർച്ചകൾ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിൽ എത്തിയെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു 'ആക്സിയോസ്' റിപ്പോർട്ടിൽ പറയുന്നത്. ഒരു പേജിൽ 14 പോയിന്റുകളുള്ള കരാറിന്റെ കരട് ഉടൻ നടപ്പിൽ വരുന്ന വെടിനിർത്തൽ വ്യവസ്ഥ ചെയ്യുമെന്നാണ് അവർക്കു ലഭിച്ച വിവരം. തുടർന്ന് 30 ദിവസത്തിനുള്ളിൽ ചർച്ച പൂർത്തിയാക്കി അന്തിമ കരാർ ഉണ്ടാക്കും. ഇറാൻ യുറേനിയം സമ്പുഷ്ടമാക്കുന്നത് തത്കാലത്തേക്ക് നിർത്തി വയ്ക്കുമെന്ന വ്യവസ്ഥയുമുണ്ട്. അതിനു മറുപടിയായി യുഎസ് ഇറാന്റെ മേലുള്ള ഉപരോധത്തിൽ അയവ് വരുത്തും. ബില്യൺ കണക്കിനു ഡോളർ ഇറാനു ലഭിക്കും. ഹോർമുസ് കടലിടുക്ക് പഴയ പോലെയാവും എന്ന വ്യവസ്ഥയുമുണ്ട്.

ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും യുദ്ധം ഉണ്ടാവാനുള്ള സാധ്യത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിജയ പ്രതീക്ഷ ഉള്ളതു കൊണ്ടു തന്നെയാണ് പ്രസിഡന്റ് ട്രംപ് ഹോർമുസിലെ നാവിക നടപടി നിർത്തിവച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടുതൽ ചർച്ചകൾ ഇസ്ലാമാബാദിലോ ജനീവയിലോ നടക്കും. ചില തർക്കങ്ങൾ ബാക്കിയുണ്ട്. യുറേനിയം സമ്പുഷ്ടമാക്കുന്നത് അഞ്ചു വർഷത്തേക്കു നിർത്താം എന്നു മാത്രമേ ഇറാൻ സമ്മതിച്ചിട്ടുള്ളൂ. എന്നാൽ 20 വർഷം വേണമെന്നാണ് യുഎസ് ആവശ്യം. 12-15 വർഷം എന്ന ഒത്തുതീർപ്പുണ്ടാവാം.

ഇറാൻ കരാർ ലംഘിച്ചാൽ അതു നീട്ടാൻ വ്യവസ്ഥ വയ്ക്കണമെന്നു യുഎസ് ആവശ്യപ്പെടുന്നു. വീണ്ടും സമ്പുഷ്ടീകരണം ആരംഭിച്ചാൽ 3.67% ആണ് പരമാവധി പോകാവുന്നത്. അണ്വായുധം ഉണ്ടാക്കില്ലെന്നു ഇറാൻ ഉറപ്പു നൽകുകയും ചെയ്യണം. ഭൂഗർഭസംവിധാനങ്ങൾ പാടില്ല, യുഎൻ ഇൻസ്പെക്ടർമാരെ സ്വതന്ത്ര നടപടികൾക്കു അനുവദിക്കണം. എന്നാൽ ഇറാൻ നേതൃത്വം ഭിന്നിച്ചു നിൽപ്പാണെന്ന ആശങ്ക യുഎസിനുണ്ട്. അടുത്ത 48 മണിക്കൂർ നിർണായകമാവും എന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Photo and News Source: Sathyam Online