വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യു.എസിന്റെ 228 സൈനികസൗകര്യങ്ങളിലെയും യുദ്ധോപകരണങ്ങളിലെയും കേടുപാടുകൾ ഇറാൻ ആക്രമണങ്ങളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ഹാങ്ങറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോട്ടുകൾ, യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും തകർന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചതിലും വലുതാണ് യുദ്ധത്തിൽ യു.എസിനുണ്ടായ നാശനഷ്ടമെന്നാണ് റിപ്പോർട്ട്.
യുദ്ധം തുടങ്ങിയതിനുശേഷം പശ്ചിമേഷ്യയിൽ നിന്നുള്ള ഉപഗ്രഹചിത്രങ്ങൾ പുറത്തുവിടുന്നതിന് യു.എസ്. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇറാൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളെ യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ഉപഗ്രഹ സംവിധാനവുമായി താരതമ്യം ചെയ്ത് ആധികാരികത ഉറപ്പുവരുത്തിയശേഷം വിശകലനം നടത്തിയതാണ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഇതുപ്രകാരം മേഖലയിലെ 15 സൈനികത്താവളങ്ങളിലായി 215 കെട്ടിടങ്ങൾക്കും 11 യുദ്ധോപകരണങ്ങൾക്കും കേടുപറ്റുകയോ തകരുകയോ ചെയ്തു.
ഇറാൻ ആക്രമണങ്ങൾ കൃത്യതയുള്ളതായിരുന്നുവെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ തടസ്സപ്പെടുത്താത്ത ആക്രമണങ്ങളെല്ലാം ലക്ഷ്യസ്ഥാനം കണ്ടെന്നും ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലെ ഉപഗ്രഹ ആശയവിനിമയ കേന്ദ്രം, ബഹ്റൈനിലെ റിഫ, ഇസ വ്യോമതാവളങ്ങളിലെ പാട്രിയറ്റ് മിസൈൽ പ്രതിരോധ ഉപകരണങ്ങൾ, കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളം, യു.എസ് അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനമായ നേവൽ സപ്പോർട്ട് ആക്ടിവിറ്റി ബഹ്റൈനിലെ ചില സംവിധാനങ്ങൾ, കുവൈത്തിലെ ക്യാമ്പ് ബ്യൂഹ്റിങ്ങിലെ വൈദ്യുതനിലയം എന്നിവയിലും ഇറാൻ ആക്രമണം ഉണ്ടായെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രസിദ്ധീകരിച്ചത്: 07 മെയ് 2026, 06:31 am IST
Photo and News Source: Mathrubhumi









