ഇടുക്കി ആനയിറങ്കലിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ശങ്കരപാണ്ഡ്യൻമേട് ജഗൻമോഹന്റെ ഭാര്യ ശാന്തി (36) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ശാന്തിയെ ഉടൻ തന്നെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടക്കത്തിൽ സ്വാഭാവിക മരണമെന്ന് കരുതിയെങ്കിലും പോലീസിന്റെ ഇടപെടൽ കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു.
സംഭവദിവസം ജഗൻമോഹൻ വീട്ടിലില്ലാത്ത സമയത്ത്, ആണി ചോദിച്ചെന്ന വ്യാജേന പ്രതിയായ രാമകൃഷ്ണൻ (50) വീട്ടിലെത്തിയിരുന്നു. ഇക്കാര്യം ശാന്തി ഭർത്താവിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ജഗൻമോഹൻ തിരിച്ചെത്തിയപ്പോൾ ശാന്തിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങൾ ഉണ്ടായിരുന്നതിനാൽ മരണത്തിൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
എന്നാൽ, ശാന്തൻപാറ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയക്കാൻ തീരുമാനിച്ചു. പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതോടെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് രാമകൃഷ്ണൻ സമ്മതിച്ചു.
ജില്ലാ പോലീസ് മേധാവി സാബു മാത്യു, മൂന്നാർ ഡിവൈ.എസ്.പി. ചന്ദ്രകുമാർ എന്നിവരുടെ നിർദേശപ്രകാരം ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ എസ്. ആണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്.ഐ. ഹാഷിം കെ.എച്ച്., ഗ്രേഡ് എസ്.ഐ. സാബു കെ.ടി., സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ വി., അശോകൻ വി., ജിജിമോൾ പി. ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Photo and News Source: Mathrubhumi








