ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കൽ സംഘടനയായ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ (എഎംഎ) ഇന്റർനാഷണൽ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് സെക്ഷനിലേക്ക് (ഐഎംജിഎസ്) മൂന്ന് പ്രമുഖ ഇന്ത്യൻ വംശജരായ ഡോക്ടർമാർ തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സതീഷ് കത്തൂല, ഡോ. ദീപു സുധാകരൻ, ഡോ. വിക്രം ബി. പട്ടേൽ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. 2026 ജൂൺ 5-ന് നടക്കുന്ന വാർഷിക യോഗത്തിലാണ് ഇവർ ഔദ്യോഗികമായി ചുമതലയേൽക്കുക.
പ്രമുഖ ഓങ്കോളജിസ്റ്റും 'അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ' (എഎപിഐ) മുൻ പ്രസിഡന്റുമായ ഡോ. സതീഷ് കത്തൂല, വിദേശി ഡോക്ടർമാരുടെ സംഭാവനകളെക്കുറിച്ച് 'ഇമിഗ്രന്റ് ഡോക്ടർസ് : ചെയ്‌സിങ് ദി ബിഗ് അമേരിക്കൻ ഡ്രീം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. എഎപിഐ-യുടെ സെന്റ് ലൂയി ചാപ്റ്റർ മുൻ പ്രസിഡന്റായ ഡോ. ദീപു സുധാകരൻ ജൂണിൽ എഎംഎ-യുടെ ഐഎംജി വിഭാഗം ചെയർമാനായി ചുമതലയേൽക്കുമ്പോൾ, ഇല്ലിനോയി സ്റ്റേറ്റ് മെഡിക്കൽ സൊസൈറ്റിയിലെ ഐഎംജി വിഭാഗം ചെയർമാനായ ഡോ. വിക്രം ബി. പട്ടേൽ പെയിൻ മാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധൻ എന്ന നിലയിലാണ് ശ്രദ്ധേയൻ.
അമേരിക്കൻ ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നതും രാജ്യത്തെ മൊത്തം ഡോക്ടർമാരിൽ 25 ശതമാനത്തിലധികം വരുന്നതുമായ വിദേശ മെഡിക്കൽ ബിരുദധാരികളുടെ (ഐഎംജിഎസ്) പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം. വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് അമേരിക്കയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സുഗമമായ പ്രവേശനവും അവരുടെ സാമൂഹികവും പ്രൊഫഷണൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ഈ സംഘടന പ്രവർത്തിക്കുന്നു.
ഡോ. സതീഷ് കത്തൂല, ഡോ. ദീപു സുധാകരൻ, ഡോ. വിക്രം ബി. പട്ടേൽ എന്നിവരുടെ തിരഞ്ഞെടുപ്പ് ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ അമേരിക്കൻ മെഡിക്കൽ രംഗത്തെ സ്വാധീനത്തെ കൂടുതൽ ഉറപ്പിക്കുന്നു. ഈ നേട്ടം ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ അമേരിക്കൻ മെഡിക്കൽ സമൂഹത്തിലെ സ്ഥാനം ഉയർത്തുന്നതിന്റെ തെളിവാണ്.
Photo and News Source: Sathyam Online










