ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയുമായി തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും കഞ്ചാവ് നൽകിയതിനും പെൻസിൽവാനിയയിലെ ഒരു അധ്യാപികയ്ക്ക് 15 മാസം തടവ് ശിക്ഷ ലഭിച്ചു. 36 കാരിയായ മിഷേൽ മെർകോഗ്ലിയാനോയ്ക്ക് ഈ ശിക്ഷ ലഭിച്ചതായി ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. കൂടാതെ, ആറര വർഷത്തിലധികം പ്രൊബേഷൻ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു.

മെർകോഗ്ലിയാനോ ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കഞ്ചാവ് നൽകിയതായും സമ്മതിച്ചുവെന്നും ജില്ലാ അറ്റോർണി ഓഫീസ് സ്ഥിരീകരിച്ചു. സംഭവം കഴിഞ്ഞ വർഷമാണ് നടന്നത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഏകദേശം 15 തവണ മെഡിക്കൽ മരിജുവാന വാങ്ങിയ അവർ, പിന്നീട് ഇരുവരും ഒരുമിച്ച് കഴിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സംഭവങ്ങൾ വെയ്‌നിലെ അധ്യാപികയുടെ മാതാപിതാക്കളുടെ വീട്ടിലാണ് നടന്നത്.

വിദ്യാർത്ഥി തന്റെ സഹോദരിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ അധ്യാപിക അറസ്റ്റിലായി. അധ്യാപന ലൈസൻസ് റദ്ദാക്കിയതായും പ്രൊബേഷൻ കാലയളവിൽ കുട്ടികളുമായി ഇടപെടുന്നതിൽ നിന്ന് വിലക്കിയതായും അധികൃതർ അറിയിച്ചു. കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് ശിക്ഷ ലഭിച്ചത്.

Photo and News Source: Kerala Online News