തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഉജ്ജ്വല വിജയത്തോടെ ഭരണം തിരിച്ചുപിടിച്ചതിന് കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ‘നന്ദി കേരളം’ എന്ന് തുടങ്ങുന്ന സോഷ്യൽ മീഡിയ കുറിപ്പിലാണ് അവർ ഈ നന്ദി പ്രകടിപ്പിച്ചത്. കേരളത്തിലെ ജനങ്ങൾ തങ്ങളോട് കാണിച്ച വിശ്വാസം വരും വർഷങ്ങളിൽ യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രിയങ്ക കുറിപ്പിൽ പറഞ്ഞു. ലോകസഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ സീറ്റുകളിലും യു.ഡി.എഫ്. വിജയിച്ചത് പ്രിയങ്കയുടെ കുറിപ്പിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
‘കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, ഞങ്ങളോട് അർപ്പിച്ച വിശ്വാസത്തിനും നിങ്ങൾ നൽകിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ ഞങ്ങളോട് കാണിച്ച ഈ വിശ്വാസം ഓരോരുത്തർക്കും വേണ്ടി മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള യു.ഡി.എഫിന്റെ മുന്നോട്ടുള്ള യാത്രയിലെ വഴികാട്ടിയാകും. അടുത്ത അഞ്ച് വർഷം ഓരോ ദിവസവും സത്യസന്ധതയോടും വിനയത്തോടും കൂടി ഞങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് നിങ്ങൾക്കുള്ള നന്ദി പ്രകടിപ്പിക്കാൻ ഞങ്ങൾ പരിശ്രമിക്കും’ എന്നാണ് പ്രിയങ്ക കുറിപ്പിൽ പറഞ്ഞത്.
വയനാട്ടിലെ തന്റെ കുടുംബാംഗങ്ങളോട്, അവർ യു.ഡി.എഫിനോട് കാണിച്ച വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണെന്ന് പ്രിയങ്ക കുറിപ്പിൽ പറഞ്ഞു. ‘7-ൽ 7 സീറ്റുകളിലും ഉജ്ജ്വല വിജയം! വയനാടിന്റെ വികസനത്തിനായി ഇപ്പോൾ നിങ്ങൾക്ക് 8 പ്രതിനിധികളുണ്ട്. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞങ്ങൾ പരമാവധി ശ്രമിക്കും’ എന്നും അവർ കുറിച്ചു.
‘ഐക്യമുള്ളതും പുരോഗമനപരവുമായ ഒരു കേരളം എന്ന ഞങ്ങളുടെ സന്ദേശം ഓരോ വീട്ടിലുമെത്തിക്കാൻ രാപ്പകൽ അധ്വാനിച്ച യു.ഡി.എഫ്. നേതാക്കൾക്കും പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ തളരാത്ത ഈ പരിശ്രമങ്ങൾക്ക് നന്ദി. കേരളത്തിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ വരാനിരിക്കുന്ന അഞ്ച് വർഷങ്ങൾ കൂടുതൽ ശക്തിപ്പെടുത്തട്ടെ’ എന്നാണ് പ്രിയങ്ക ഗാന്ധി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
Photo and News Source: Siraj Live










