തൃശ്ശൂർ: ഒല്ലൂർ, മണലൂർ നിയോജകമണ്ഡലങ്ങളിലെ തോൽവിയെച്ചൊല്ലി കോൺഗ്രസ് പാർട്ടിയിൽ കലഹം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം വീശിയ സമയത്തും ഈ മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെട്ടത് നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഒല്ലൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഷാജി കോടങ്കണ്ടത്ത് ഇത് പരസ്യമായി പറയുകയും ചെയ്തു. "സാധാരണ കോൺഗ്രസ് പ്രവർത്തകർ നന്നായി പ്രവർത്തിച്ചു, എന്നാൽ നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി" എന്നാണ് ഷാജി പ്രതികരിച്ചത്. പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിലും ജില്ലാ നേതൃത്വം ശ്രദ്ധ കാണിച്ചില്ല. അഭിപ്രായഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമവും ഡിസിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മനപ്പൂർവ്വം തന്നെ തോൽപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നെന്ന സൂചന ഷാജി നൽകുന്നു. മണലൂർ മണ്ഡലത്തിലെ തോൽവിയിൽ ടി.എൻ. പ്രതാപനും സംഘവും അമർഷത്തിലാണ്. പ്രതാപനെതിരെ മണ്ഡലത്തിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിച്ചിരുന്നുവെന്നാണ് ഇവരുടെ പരാതി. വളരെ ചെറിയ മാർജിനിലാണ് പ്രതാപൻ തോറ്റത്. "പാർട്ടി പ്രവർത്തകർ കാലുവാരിയില്ലെങ്കിൽ ജയിച്ചേനെ" എന്നാണ് ഇവരുടെ വാദം. മുന്‍ ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വിമർശനം.
വടക്കാഞ്ചേരി മണ്ഡലത്തിലെ തോൽവിയും കോൺഗ്രസിൽ വലിയ ചർച്ചയാകുന്നുണ്ട്. മണ്ഡലം കമ്മിറ്റികളുടെ എതിർപ്പ് മറികടന്ന് സംസ്ഥാന ദേശീയ നേതൃത്വം പി.എൻ. വൈശാഖിനെ സ്ഥാനാർത്ഥിയാക്കിയതാണ് പരാജയ കാരണമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ നിര്‍ജീവമായിരുന്ന മണ്ഡലം കമ്മിറ്റികളെതിരെ നടപടി ആവശ്യപ്പെട്ട് വൈശാഖ് പരാതി നൽകിയിട്ടുണ്ട്. മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെ പലരും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നുവെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. സർക്കാര രൂപീകരണത്തിന്റെ തിരക്കും ചർച്ചകളും കഴിഞ്ഞാല് പ്രശ്നങ്ങൾ തീര്‍ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
Photo and News Source: Janmabhumi









