പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം എന്നിവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രമായ 'ഖലീഫ'-യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 20-ന് ഓണത്തോടനുബന്ധിച്ച് ഈ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ചിത്രത്തിൽ പൃഥ്വിരാജ് 'മാമ്പറയ്‌ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ 'മാമ്പറയ്‌ക്കൽ അഹമ്മദ് അലി' എന്ന കഥാപാത്രമായി മോഹൻലാൽ നായകനായി എത്തുമെന്നും, ആദ്യഭാഗത്തിലെ നായകൻ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിലും തുടരുമെന്നും അറിയിച്ചു. അതിഥി താരമായി മോഹൻലാൽ ആദ്യഭാഗത്തിലും പ്രത്യക്ഷപ്പെടും.
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാം, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് സിജോ സെബാസ്റ്റ്യൻ. മാമ്പറയ്‌ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനായ 'മാമ്പറയ്‌ക്കൽ ആമിർ അലി' എന്ന കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ ജന്മദിനത്തിലിറങ്ങിയ ഗ്ലിമ്പ്സ് വീഡിയോയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലൂടെയാണ് ഈ രണ്ട് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
'സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർടൈൻമെന്റാണ് 'ഖലീഫ' എന്നാണ് നിർമ്മാതാക്കളുടെ പ്രസ്താവന. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയിൽ ഉൾപ്പെടുന്നു. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസ്, ആക്ഷൻ ഡിസൈൻ യാനിക്ക് ബെൻ, കോസ്റ്റ്യൂംസ് മഷർ ഹംസ, കലാസംവിധാനം വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് ജാബിർ സുലൈം, ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ കളർ പ്ലാനറ്റ്, വിഎഫ്എക്സ് പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് സിനറ്റ് സേവ്യർ എന്നിവരാണ് ചുമതലയേറ്റിരിക്കുന്നത്.
Photo and News Source: Janmabhumi








