നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ‘റിവോൾവർ റിങ്കോ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടിരിക്കുന്നു. താരകാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. സിബി ജോർജ് പൊൻകുന്ന മാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ സൂപ്പർ നാച്വർ കഥാപാത്രങ്ങളെ മനസ്സിൽ ചേർത്തുപിടിച്ച്, അവരുടെ പേരിൽ സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥയാണ് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അവധിക്കാലം കുട്ടികളുടേതാണ്. അത് ഭംഗിയായി ആഘോഷിക്കുവാൻ പറ്റും വിധത്തിലാണ് ഈ ചിത്രത്തെ സംവിധായകൻ കിരൺ നാരായണൻ ഒരുക്കിയിരിക്കുന്നത്. ‘* ഈ മിന്നൽ മുരളി ആൾറെഡി വന്നതല്ലേ?…* * ഈ മിന്നൽ മുരളി നമ്മുടെ വെർഷനാണ്. സിനിമയൊക്കെ ചെയ്യാൻ കാശു വേണ്ടേ. സിനിമാക്കാരുവേണ്ടേ.?* * അതിനൊക്കെ പറ്റിയ ആളെ എന്റെ കസ്റ്റഡിയിലുണ്ട്*’ എന്നീ കൗതുകകരമായ രംഗങ്ങൾ ട്രയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കുട്ടികളേയും കുടുംബങ്ങളേയും ആകർഷിക്കുന്ന നിരവധി മുഹൂർത്തങ്ങളിലൂടെ യാണ് ഈ ചിത്രം പുരോഗമിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിച്ചതുകൊണ്ടാകാം ചുരങ്ങിയ സമയം കൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ട്രയിലറിനു ലഭിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ കുട്ടികളുടെ സഹായിയായി എത്തുന്നു. ശ്രീപത് യാൻ (മാളികപ്പുറം ഫെയിം), ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവർ ബാലതാരങ്ങളായി അഭിനയിക്കുന്നു. ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ്.ജി.മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് (കെ.പി.എ.സി), ആവണി എന്നിവരും പ്രധാന താരങ്ങളാണ്.
കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് ബൈജു ബാലരാമപുരം, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, സ്റ്റിൽസ് ശാലു പേയാട് എന്നിവ നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ സഞ്ജയ്.ജി.കൃഷ്ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ചന്ദ്രമോഹൻ എസ്.ആർ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പാപ്പച്ചൻ ധനുവച്ചപുരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റു പ്രധാനികൾ.
കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം, ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ് ചിത്രത്തിന്റെ നിർമ്മാണത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Photo and News Source: Janmabhumi









