ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച 500-ലധികം വിമാനങ്ങൾ വൈകുകയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയും ആലിപ്പഴ വർഷവുമാണ് വിമാന സർവീസുകളെ തടസപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥ കാരണം വിമാന സർവീസുകൾ നടത്താനും ഷെഡ്യൂൾ പാലിക്കാനും ബുദ്ധിമുട്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ് 5-ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) തലസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് വ്യോമഗതാഗതം താറുമാറായത്.
ഫ്ലൈറ്റ് ഡാറ്റ പ്രകാരം, കുറഞ്ഞത് 10 വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട്. അഞ്ചെണ്ണം അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ദ്വാരക, പാലം, നജഫ്ഗഡ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഉണ്ടായ ആലിപ്പഴ വർഷമാണ് വെല്ലുവിളിയായത്. വിമാനങ്ങൾ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനും ശരാശരി 30 മിനിറ്റ് വരെ കാലതാമസം നേരിട്ടു. വിമാനത്താവള അധികൃതർ സാധ്യമായ തടസ്സങ്ങളെക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിമാന ഷെഡ്യൂളുകൾ പരിശോധിക്കാൻ യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
“ദില്ലി വിമാനത്താവളത്തിന് സമീപം ആലിപ്പഴം വീഴുന്നതിനാൽ വിമാന പ്രവർത്തനങ്ങളെ ബാധിച്ചേക്കാം,” എന്ന് വിമാനത്താവളം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. അതേസമയം ബുധനാഴ്ച മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, വൈകുന്നേരം വരെ ഇടിമിന്നലോടെയുള്ള മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെ മഴ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
Photo and News Source: Kairali News










