കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേടിയ ചരിത്ര വിജയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. മെയ് 8-ന് കൊൽക്കത്തയിൽ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് അദ്ദേഹത്തെ ഔദ്യോഗികമായി നേതാവായി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പിൽ വിജയിച്ച 207 ബിജെപി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന ബിജെപി ആസ്ഥാനത്ത് ഇത്രയധികം അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ മറ്റൊരു വേദിയാണ് യോഗത്തിനായി തിരഞ്ഞെടുക്കുക. സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ സുവേന്ദുവിന്റെ പേര് നിര്‍ദ്ദേശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തിൽ സംബന്ധിച്ച് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും.

തുടർന്ന് സുവേന്ദു അധികാരിയും സംഘവും രാജ്ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരമേൽക്കുന്നതാണ് ഈ ചടങ്ങിന്റെ പ്രത്യേകത. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകുന്ന സുവേന്ദു, ബംഗാളി ഭാഷ സംസാരിക്കുന്ന ഒരാളാണ്. 2021-ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ അദ്ദേഹം, ഈ തിരഞ്ഞെടുപ്പിൽ ഭവാനിപ്പൂരിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

തൃണമൂല്‍ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന സുവേന്ദു, 2020-ൽ ബിജെപിയിൽ ചേർന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കുശേഷമാണ് അദ്ദേഹം ബിജെപിയിലേക്ക് മാറിയത്. അഴിമതിക്കും നുഴഞ്ഞുകയറ്റത്തിനുമെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തി. നന്ദിഗ്രാം പ്രക്ഷോഭകാലത്ത് മമതയുടെ വലംകൈയായിരുന്ന സുവേന്ദു, ഇന്ന് അവരുടെ രാഷ്ട്രീയ ആധിപത്യത്തിന് അന്ത്യം കുറിച്ചു കൊണ്ട് ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയാണ്.

Photo and News Source: Janam TV