എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം ജനജീവിതത്തെ ദുസ്സഹമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിക്കാനെത്തിയ പ്രവർത്തകരുടെ അനിയന്ത്രിതമായ തിരക്കിലും തള്ളിക്കയറ്റത്തിലും റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്ററിന്റെ ചില്ലുകൾ തകര്‍ന്നു. ആഘോഷം അതിരുവിട്ടതോടെ സാധാരണ യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനിൽ തടസ്സപ്പെട്ടു.
യു.ഡി.എഫ്. വിജയത്തിനുശേഷം തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് എക്സ്പ്രസില്‍ എത്തിയ വി.ഡി. സതീശനെ സ്വീകരിക്കാനാണ് നൂറുകണക്കിന് പ്രവർത്തകർ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഇരച്ചുകയറിയത്. നേതാവിനെ തോളിലേറ്റി മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് നീങ്ങിയ പ്രവർത്തകരുടെ കൊടിമരങ്ങളും മറ്റും ഇൻഫർമേഷൻ സെന്ററിന്റെ ചില്ലില്‍ ഇടിച്ചാണ് തകര്‍ന്നത്. ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്ന യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തീവണ്ടി എത്തുന്നതിന് ഒരു മണിക്കൂർ മുമ്പേ പ്ലാറ്റ്ഫോം കയ്യടക്കിയ പ്രവർത്തകർ വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരെ പുറത്തിറങ്ങാനോ പുതിയ യാത്രക്കാരെ അകത്തേക്ക് കയറാനോ അനുവദിച്ചില്ല. 6.51-ന് എത്തിയ തീവണ്ടിക്ക് പ്ലാറ്റ്ഫോമിലെ തിരക്ക് കാരണം നിശ്ചയിച്ച സമയത്ത് പുറപ്പെടാനായില്ല. പത്തു മിനിറ്റോളം വൈകി 7.01-നാണ് വന്ദേഭാരത് യാത്ര തുടര്‍ന്നത്. വൻ തിരക്ക് കാരണം സ്റ്റേഷനകത്തേക്ക് പ്രവേശിക്കാന്‍ പോലും കഴിയാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ സ്റ്റേഷന് പുറത്ത് വലഞ്ഞു.
തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടെങ്കിലും പ്രവർത്തകരുടെ ആക്രോശത്തിന് മുന്നില്‍ പലപ്പോഴും നിസ്സഹായരായി. ‘ഒരു രാഷ്ട്രീയ നേതാവിനെ സ്വീകരിക്കാന്‍ വരുന്നത് ശരിതന്നെ, പക്ഷേ പൊതുമുതൽ തകര്‍ക്കുന്നതും ദൂരയാത്രക്കാർക്ക് എത്തുന്ന കുടുംബങ്ങളെ തടയുന്നതും ഗുണ്ടായിസമാണ്’ എന്ന് പ്ലാറ്റ്ഫോമില്‍ കുടുങ്ങിയ ഒരു യാത്രക്കാരൻ പ്രതികരിച്ചു.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പോലെയുള്ള സുരക്ഷാ മേഖലയില്‍ ഇത്തരത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കർശന നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. രാഷ്ട്രീയ വിജയത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബന്ദികളാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Photo and News Source: Janam TV









