തൃശൂരിലെ വാടാനപ്പള്ളി സ്വദേശിനിയായ സുനിത (47) ബെംഗളൂരുവിലെ തൊഴിലിടത്തിലാണ് ക്രൂരമർദനത്തിന് ഇരയായത്. ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച സുനിതയെ തൊഴിലുടമ ദീപക് കൃഷ്ണൻ അതിക്രൂരമായി മർദിക്കുകയായിരുന്നു. തല ഭിത്തിയിലും അലമാരയിലും ഇടിപ്പിക്കുകയും നെഞ്ചിൽ ആഞ്ഞു ചവിട്ടുകയും ചെയ്ത ദീപക്, തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പോസ്റ്റ്‌മോർട്ടിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സുനിതയ്ക്ക് മൃഗസ്നേഹം ഏറെയായിരുന്നു. നാട്ടിൽ 140-ഓളം തെരുവുനായ്‌ക്കളെ സംരക്ഷിച്ചിരുന്ന അവർ, സ്കൂളുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ നൽകിയാണ് നായ്‌ക്കളെ വളർത്തിയിരുന്നത്. എന്നാൽ സ്കൂൾ അവധിക്കാലമായതോടെ നായ്‌ക്കൾക്ക് ഭക്ഷണം നൽകാൻ പ്രയാസമായതിനെ തുടർന്ന് ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്ക് ആളെ വേണമെന്ന പരസ്യം സുനിതയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത പരസ്യത്തിൽ ആകൃഷ്ടയായ സുനിതയും ഭർത്താവും മറ്റു രണ്ട് സ്ത്രീകളും ഏപ്രിൽ 17-ന് ബെംഗളൂരുവിലേക്ക് പോയി. മെയ് 3-നാണ് സംഭവം നടന്നത്.

ദീപക് സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇത് എതിർത്ത സുനിത നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദീപക് സുനിതയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. താൻ സുനിതയെ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ഓഡിയോ സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ ദീപക് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. 2024-ൽ കൊച്ചിയിൽ വെച്ച് ഒരു മൃഗഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിലും, കൊക്കെയ്ൻ കൈവശം വെച്ചതിനും, സാമ്പത്തിക തട്ടിപ്പ് കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. സുനിതയുടെ മരണത്തോടെ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. വാടാനപ്പള്ളി പോലീസും ബെംഗളൂരു പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Photo and News Source: Janam TV