ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും പുകഴ്ത്തി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശൻ നല്ല പ്രകടനം കാഴ്ചവെച്ചതായി വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനക്കാരിൽ ഒരാളായ സതീശന് ലീഗിന്റെ പിന്തുണയുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

'കേരളത്തില്‍ സുനാമിയാണ് സംഭവിച്ചത്. അതില്‍ യുഡിഎഫിന് പ്രതീക്ഷിക്കാത്ത വിജയമാണ് ലഭിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കെ.സി. വേണുഗോപാലിനെ കുറിച്ച് പറയുമ്പോൾ, 'മിടുക്കനാണ്. പ്രഗത്ഭനാണ്. ഇന്ത്യയിലെ അതികായനാണ്. കോൺഗ്രസിനെ നയിക്കാനുള്ള അധികാരമുള്ള ആളാണ്. സോണിയാ ഗാന്ധി കഴിഞ്ഞാൽ കോൺഗ്രസിലെ മൂന്നാമത്തെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കോൺഗ്രസിൽ വലിയ വിലയുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഒരുപാട് എംഎല്എമാരെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്' എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥി നിര്‍ണയത്തില്‍ ഉണ്ടായ തർക്കത്തിൽ വേണുഗോപാല്‍ ഇടപെട്ടതോടെ ഒറ്റ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 'നല്ല നേതൃഗുണം ഉണ്ട്. അദ്ദേഹത്തിന് അവിടെ ഇരുന്നാലും കേരളം ഭരിക്കാന്‍ സാധിക്കും. എന്നാല്‍ അദ്ദേഹം വരുമോ എന്ന് സംശയമാണ്. ഇത് കൊച്ചു കേരളം. ഇവിടെ കറുകപ്പുല്ല് മാത്രമേ തിന്നാനുള്ളൂ. ഇന്ത്യയില്‍ എത്രയോ കരിമ്പിന്‍ തോട്ടങ്ങളാണ് ഉള്ളത്. ആ കരിമ്പിന്‍ തോട്ടങ്ങളെല്ലാം തിന്നാന്‍ ഉള്ളപ്പോള്‍ ഈ കറുകപ്പുല്ല് തിന്നാനായിട്ടുണ്ട് ഇവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു.

'എംഎല്എമാരില്‍ മഹാഭൂരിപക്ഷവും എംപിമാരില്‍ മഹാഭൂരിപക്ഷവും വേണുഗോപാലിന്റെ കൂടെയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി കെ.സി.യാണ്. കാരണം ഫണ്ടിങ്, പണം വലിയൊരു ഘടകമാണ്. ഫണ്ട് കൊടുത്ത് കോൺഗ്രസുകാരെ ജയിപ്പിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആളാണ്' എന്ന് വെള്ളാപ്പള്ളി പറഞ്ഞു.

'ചെന്നിത്തല ഏറെ പരിചയമുള്ള ആളാണ്. പ്രവർത്തന പരിചയമുള്ള ആളാണ്. മെയ്‌വഴക്കമുള്ള ആളാണ്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ നയചാതുരിയുള്ള ആളാണ് ചെന്നിത്തല. അദ്ദേഹത്തിന്റെ ജൂനിയർ ആയി ഇരുന്ന ആളുകളാണ് ഇന്ന് വലിയ നേതാക്കളായി മാറിയത്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഹൈക്കമാൻഡ് തീരുമാനം അനുസരിച്ച് യുക്തമായ ആള്‍ വരട്ടെ' എന്നദ്ദേഹം ചേർത്തു.

'എസ്എൻഡിപി യോഗത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഒരു പാർട്ടിക്കും ഒരു പുല്ലും ചെയ്യാന്‍ സാധിക്കില്ല. കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നല്ലവര്‍ അവിടെയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് എന്തുമാത്രം വോട്ട് കിട്ടി. ജാതിയും മതവും നോക്കാതെ എല്ലാവരും ഒന്നിച്ച് വോട്ട് ചെയ്തത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കിട്ടിയത്. അത് മുസ്ലീം വോട്ട് മാത്രമല്ല. കുഞ്ഞാലിക്കുട്ടി ഒരു തീവ്രവാദിയൊന്നുമല്ല. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മാന്യനാണ്' എന്നും വെള്ളാപ്പള്ളി പറഞ്ഞു.

'കെ.എം. ഷാജി തീവ്രവാദിയാണ്. പരസ്യമായി മതമാണ് മതമാണ് എന്ന് പറയുകയും ഒൻപത് വർഷം നഷ്ടപ്പെട്ടത് അകത്തുകയറി എടുക്കുമെന്ന് പറയുകയും ചെയ്യുന്നത് മിതവാദികള്‍ പറയുന്ന ഭാഷയാണോ?' എന്ന് അദ്ദേഹം ചോദിച്ചു.

Photo and News Source: