ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് 'സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026' പാർലമെന്റിൽ അവതരിപ്പിക്കാനുള്ള തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഈ വിവരം അറിയിച്ചു.
ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ നിലവിൽ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുണ്ടായിരുന്നത്. ഇതിൽ 33 ജഡ്ജിമാരും ഒരു ചീഫ് ജസ്റ്റിസും ഉൾപ്പെടുന്നു. പുതിയ ഭേദഗതി പ്രകാരം നാല് ജഡ്ജിമാരെ കൂടി നിയമിക്കാനും ആകെ എണ്ണം 38 ആയി ഉയർത്താനുമുള്ള തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. ഇതോടെ 37 ജഡ്ജിമാരും ഒരു ചീഫ് ജസ്റ്റിസുമായി ആകെ സംഖ്യ 38 ആയി മാറും. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്താൽ നിയമമായി മാറും.
നീതിനിർവ്വഹണ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാനും സുപ്രീം കോടതിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനുമാണ് ഈ നടപടി എന്ന് സർക്കാർ വ്യക്തമാക്കി. പുതിയ ജഡ്ജിമാരുടെയും അനുബന്ധ ജീവനക്കാരുടെയും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ ഇന്ത്യയുടെ ഏകീകൃത നിധിയിൽ നിന്നാണ് കണ്ടെത്തുക.
1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമപ്രകാരം തുടക്കത്തിൽ ചീഫ് ജസ്റ്റിസിനെ കൂടാതെ വെറും 10 ജഡ്ജിമാരാണ് ഉണ്ടായിരുന്നത്. പിന്നീട് വിവിധ കാലഘട്ടങ്ങളിൽ ഈ സംഖ്യ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. 1960-ൽ 13 ആയി, 1977-ൽ 17 ആയി, 1986-ൽ 25 ആയി, 2008-ൽ 30 ആയി, 2019-ൽ 33 ആയി ഉയർത്തി. നിലവിൽ 34 ആയി ഉള്ള സംഖ്യ 38 ആയി ഉയർത്താനുള്ള തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്താണ് ഈ നടപടി.
ഏഴ് വർഷത്തിനുശേഷമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വീണ്ടും വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേസുകളുടെ ഭാരവും സമയബന്ധിതമായ നീതിനിർവ്വഹണത്തിന്റെ ആവശ്യകതയും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
Photo and News Source: Janam TV










