തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ചൊവ്വാഴ്ച രാവിലെ കണ്ണൂരിൽ നിന്ന് വിമാനമാർഗ്ഗം എത്തിയപ്പോൾ തന്റെ പതിവ് ഔദ്യോഗിക വാഹനമായ ‘ഒന്നാം നമ്പർ’ കാറും പോലീസ് അകമ്പടിയും ഒഴിവാക്കി. പകരം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരില്‍ രജിസ്റ്റർ ചെയ്ത ഒരു പാർട്ടി കാറിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് യാത്ര ചെയ്തത്. എന്നാൽ, ഈ വാഹനം നിരവധി ഗതാഗത നിയമലംഘനങ്ങളുടെ പഴം കാട്ടുന്നതായി മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി യാത്ര ചെയ്ത കാറിന് 2024 മുതൽ ഇതുവരെ 18 ഗതാഗത നിയമലംഘന നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വകുപ്പിന്റെ രേഖ. ഇതിൽ ഭൂരിഭാഗവും പിഴ അടയ്ക്കാതെ കുടിശികയായി കിടക്കുന്നു. പലതവണ വേഗപരിധി ലംഘിച്ചതിന് ക്യാമറകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും പിഴ ലഭിച്ചിട്ടുണ്ട്. നിരോധിത ഹോണുകളുപയോഗിച്ചതിനും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

ഔദ്യോഗിക പദവികൾ താൽക്കാലികമായി മാറ്റിവെച്ച് പാർട്ടി കാറില്‍ മുഖ്യമന്ത്രി യാത്ര ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാവിന്റെ വാഹനമായിട്ടും നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. സാധാരണക്കാർക്ക് ക്യാമറ വഴി പിഴ ലഭിക്കുമ്പോൾ, സർക്കാർ തന്നെ സ്വന്തം പാർട്ടിയുടെ വാഹനങ്ങളിലെ നിയമലംഘനങ്ങൾക്ക് കണ്ണടയ്‌ക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്ട്രീയമായി പ്രതിരോധത്തിലായ സർക്കാരിനും മുഖ്യമന്ത്രിക്കും ഈ പുതിയ വിവാദം കൂടി കടുത്ത തലവേദനയാകുന്നതായി കാണുന്നു.

Photo and News Source: Janam TV