കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടു. ചൊവ്വാഴ്ച നടന്ന സംഘർഷങ്ങളിൽ ബി.ജെ.പി പ്രവർത്തകനായ മധു മൊണ്ടാലും ടി.എം.സി പ്രവർത്തകനായ അബിർ ഷെയ്ഖും കൊല്ലപ്പെട്ടു. കൂടാതെ, പോലീസുകാർക്ക് നേരെ വെടിയുതിർത്ത അക്രമികൾ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഗുരുതരമായി പരിക്കേൽപ്പിച്ചു. ബി.ജെ.പി പ്രവർത്തകൻ മധു മൊണ്ടാലിനെ ന്യൂ ടൗണിൽ നടന്ന വിജയഘോഷയാത്രയ്ക്കിടെ ടി.എം.സി പ്രവർത്തകരുടെ മർദ്ദനത്തിലാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തെ തുടർന്ന് പ്രദേശത്ത് വീടുകളിലേക്ക് കയറി ആക്രമണങ്ങൾ അരങ്ങേറി. ബി.ജെ.പി ടി.എം.സി പ്രവർത്തകരെ ആരോപിച്ചെങ്കിലും ടി.എം.സി നേതൃത്വം ഇത് നിഷേധിച്ചു.
ബസിർഹട്ടിലെ നജാത്തിൽ സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമികൾ വെടിയുതിർത്തു. നജാത്ത് പോലീസ് സ്റ്റേഷന്റെ ഒ.സി ഭരത് പ്രസൂണും ഒരു കോൺസ്റ്റബിളും വെടിയേറ്റു. ഇവരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൗറയിൽ മുന്‍ ടി.എം.സി കൗൺസിലർ ശ്യാമള മിത്രയെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അവലോകനം നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ കർശന നടപടിക്ക് ഉത്തരവിട്ടു. അക്രമം അഴിച്ചുവിടുന്നവരെയും പൊതുമുതൽ നശിപ്പിക്കുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളോട് 'സീറോ ടോളറൻസ്' നയം സ്വീകരിക്കാൻ ചീഫ് സെക്രട്ടറി, ഡി.ജി.പി, പോലീസ് കമ്മീഷണർമാർ എന്നിവർക്ക് നിർദ്ദേശം നൽകി. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സായുധ പോലീസ് സേനയുടെയും പോലീസിന്റെയും നിരന്തര പട്രോളിംഗ് ഉറപ്പാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
Photo and News Source: Sathyam Online









