മുൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചുകൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവച്ചു. 'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്' എന്നാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം കുറിച്ചത്. ലിജോയുടെ കുറിപ്പ് പലരുടെയും ശ്രദ്ധ ആകർഷിക്കുകയും നിരവധി പേർ അദ്ദേഹത്തെ പിന്തുണക്കുകയും എതിർപ്പ് അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിലെ വൻ പരാജയത്തെത്തുടർന്ന് പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളോടോ സമൂഹമാധ്യമങ്ങളിലോ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ ചേരുന്നതിന് ശേഷം വാർത്താസമ്മേളനം നടത്തുമെന്നാണ് സൂചന.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോല്‍വി നേരിട്ടു. യുഡിഎഫ് 102 സീറ്റിൽ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എൽഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാന ചരിത്രത്തിലാദ്യമായി എൻഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോൺഗ്രസ് 63, മുസ്ലിം ലീഗ് 22, കേരള കോൺഗ്രസ് 7, സ്വതന്ത്രർ 4, ആർഎസ്പി 3, ആർഎംപി 1, കേരള കോൺഗ്രസ് ജേക്കബ് 1, സിഎംപി 1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം 26, സിപിഐ 8, ആർജെഡി 1 എന്നിങ്ങനെയാണ് എൽഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് വിജയിച്ചത്.

Photo and News Source: Samakalika Malayalam