കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) തോല്‍വിയോടെ പിന്തുണ നഷ്ടപ്പെടുന്നതോടെ, കത്തോലിക്കാ സഭയും മതനേതൃത്വവും പാർട്ടിയിൽ നിന്നും പിന്മാറുന്നതായി കാണപ്പെടുന്നു. വര്‍ഷങ്ങളായി കയ്യില്‍ സൂക്ഷിച്ചിരുന്ന സീറ്റുകള്‍ പോലും നഷ്ടപ്പെട്ട ഈ തോല്‍വി, പാർട്ടിയുടെ ഭാവിയെ സംശയത്തിലാക്കിയിരിക്കുന്നു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്.കെ.മാണിക്ക് തോല്‍വിക്ക് വിശദീകരണം നല്‍കാന്‍ പോലും കഴിയുന്നില്ല.

എല്‍ഡിഎഫില്‍ നിന്നും യൂഡിഎഫിലേക്ക് മുന്നണി മാറാന്‍ കത്തോലിക്കാ സഭയും മതനേതൃത്വവും ജോസ്.കെ.മാണിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നണിമാറ്റത്തിനായി ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ പാർട്ടിയുടെ രണ്ടാമനായ റോഷി അഗസ്റ്റിനും, റാന്നി എംഎല്‍എ പ്രമോദ് നാരായണനും ഈ നീക്കത്തിന് എതിരായിരുന്നു. ഇത് പാർട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചു. തുടര്‍ന്ന് മുന്നണി മാറ്റം ഉപേക്ഷിക്കുകയായിരുന്നു.

കനത്ത തോല്‍വിയോടെ കത്തോലിക്കാ സഭക്കും മതനേതൃത്വത്തിനുമുമ്പിലും നാണംകെട്ട് നില്‍ക്കുന്ന ജോസ്.കെ.മാണി, ഭരണം നഷ്ടപ്പെട്ടതോടെ പാർട്ടിയിലെ അണികളെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ എന്ന ചിന്തയിലാണ്. പാർട്ടിയിലെ നേതാക്കളും അണികളും പിന്മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. സഭയുടെ വാക്ക് കേള്‍ക്കാത്തതിന് ജോസ്.കെ.മാണിയോട് സഭ ഇടഞ്ഞുനില്‍ക്കുന്നു. പാർട്ടിയെ മുന്നോട്ട് നയിക്കാന്‍ ജോസ്.കെ.മാണി പര്യാപ്തനല്ലെന്ന പൊതുവികാരവും പാർട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

യുഡിഎഫില്‍ ഉജ്വല വിജയം നേടിയ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ പി.ജെ ജോസഫ്, ജോസ്.കെ.മാണിയെയും കൂട്ടരെയും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം കേരളാ കോണ്‍ഗ്രസ്(എം)ന്റെയും ജോസ്.കെ.മാണിയുടെയും പരീക്ഷണത്തിന്റെതാണ്. ഇനി മുന്നണിമാറ്റ ചര്‍ച്ചകള്‍ നടക്കുവാന്‍ യാതൊരു സാദ്ധ്യതയും കാണുന്നില്ല.

Photo and News Source: Janmabhumi