മലപ്പുറം: യു.ഡി.എഫ്. തരംഗത്തിൽ പെട്ടുപോയതാണെങ്കിലും തിരിച്ചുവരാൻ ജില്ലയിലെ ഇടതുപക്ഷം കുറച്ചുകാര്യമായിത്തന്നെ വിയർക്കേണ്ടിവരും. മൂന്നു നിയമസഭാ സീറ്റുണ്ടായിരുന്ന മുന്നണിക്ക് ഇത്തവണ ഒന്നുപോലുമില്ല. ഈ വീഴ്ച ഇപ്പോൾ തുടങ്ങിയതല്ല. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ വീണുപോയിടത്തുനിന്ന് എഴുന്നേൽക്കാൻ മുന്നണിക്ക് കഴിഞ്ഞില്ല. 94 പഞ്ചായത്തുകളിൽ മൂന്നെണ്ണം മാത്രമാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ തവണ 24 പഞ്ചായത്തുകളിൽ ഭരണമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിൽ ഇത്തവണ ഒരെണ്ണം പോലുമില്ല. കഴിഞ്ഞ തവണ അഞ്ച് ഡിവിഷനുകളിൽ ജയിച്ചിരുന്നു. 15 ബ്ലോക്ക് പഞ്ചായത്തിലും 12 നഗരസഭയിലും ഓരോ സീറ്റാണ് മുന്നണിയുടെ നേട്ടം. കഴിഞ്ഞ തവണ ഇത് മൂന്നുവീതമായിരുന്നു.

കേഡർ വോട്ടുകൾ കൊണ്ടല്ല ഇടതുമുന്നണി ജില്ലയിൽ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. പാർട്ടിയോട് ചേർന്നു പ്രവർത്തിക്കുന്ന സംഘടനകളേയും പൊതുസമ്മതരായ വ്യക്തികളേയും യു.ഡി.എഫ്. വിരുദ്ധ വികാരത്തേയുമെല്ലാം ഉപയോഗിച്ച് പൊരുതുന്നതാണ് രീതി. എന്നാൽ ഇത്തവണ അതൊന്നും വിജയിച്ചില്ല. പാർട്ടിക്ക് സ്ഥിരമായി ലഭിച്ചിരുന്ന വോട്ടുകൾ പോലും ചോർന്നു. ജില്ലയിലെ ഏകമന്ത്രിയായ വി. അബ്ദുറഹിമാൻ താനൂരിൽനിന്ന് തിരൂരിലേക്ക് മാറിയപ്പോൾ കടിച്ചതും പിടിച്ചതും പോയ അവസ്ഥയിലാണ് എൽ.ഡി.എഫ്. കൂടുതൽ സുരക്ഷിതസ്ഥാനമെന്ന നിലയിലാണ് വി. അബ്ദുറഹിമാൻ താനൂരിൽനിന്ന് തിരൂരിലെത്തിയത്. അവിടെ 24137 വോട്ടിന്റെ വ്യത്യാസത്തിലാണ് തോൽവി. ഒപ്പം കഴിഞ്ഞ തവണ 985 വോട്ടിന് ജയിച്ച താനൂരും കൈവിട്ടു. ഇവിടെ 27131 വോട്ടിനാണ് എൽ.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാർഥി തോറ്റത്.

മങ്കടയിൽ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ചിട്ടാണ് മുസ്ലിംലീഗിന്റെ വിമതസ്ഥാനാർഥിക്ക് എൽ.ഡി.എഫ്. പിന്തുണ നൽകിയത്. മുസ്ലിംലീഗിലെ അലി വിരുദ്ധരുടെ വോട്ടുകൂടി പ്രതീക്ഷിച്ചായിരുന്നു ആ തന്ത്രം. എന്നാൽ കുന്നത്ത് മുഹമ്മദിന് ലഭിച്ചത് 65083 വോട്ടാണ്. അതേസമയം കഴിഞ്ഞ വർഷം ഇടതു സ്വതന്ത്രനായി മത്സരിച്ച ടി.കെ. റഷീദലിക്ക് 76985 വോട്ട് ലഭിച്ചിരുന്നു. പൊന്നാനിയിലെ തോൽവിക്ക് പാർട്ടി മണ്ഡലത്തിലെ പ്രവർത്തകരോട് മറുപടി പറയേണ്ടിവരും. എല്ലാ നഗരസഭകളും കൈവിട്ടപ്പോഴും പൊന്നാനി മാത്രമാണ് മുന്നണിയെ കാത്തത്. ഇക്കാലംവരെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനല്ലാതെ ഈ നഗരസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ ഇവിടെയും യു.ഡി.എഫിനാണ് ലീഡ്.

യു.ഡി.എഫിന് ബാലികേറാമലകളായ വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങി ഒട്ടേറെ പഞ്ചായത്തുകളിൽ അവർ ആധിപത്യമുറപ്പിച്ചു. തുടക്കംമുതൽതന്നെ ഇവിടത്തെ സ്ഥാനാർഥിയെച്ചൊല്ലി പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ പുകഞ്ഞിരുന്നു. പ്രാദേശിക നേതൃത്വം നിർദേശിച്ച സ്ഥാനാർഥിയല്ല അവസാനം പൊന്നാനിയിലെത്തിയത് എന്നായിരുന്നു ആരോപണം. അതിൽ അൽപ്പം കാര്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഫലമാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 17043 വോട്ടിന്റെ ഭൂരിപക്ഷമാണ് കീഴ്മേൽ മറിഞ്ഞ് 13267 ആയി യു.ഡി.എഫിന് ലഭിച്ചത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ യു.ഡി.എഫ്. സ്ഥാനാർഥിക്ക് 38 വോട്ട് മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ അത് 32431 ആയി കുതിച്ചത്. പാർട്ടിക്ക് കാര്യമായ വേരുള്ള ഈ മണ്ഡലത്തിലെ ദയനീയപരാജയത്തെക്കുറിച്ച് ഗൗരവമായ ചർച്ചതന്നെ നടന്നേക്കും.

തവനൂരിൽ എൽ.ഡി.എഫിന്റെ പ്രധാന 'സ്വതന്ത്ര' കുന്തമുനയായിരുന്ന കെ.ടി. ജലീൽ 14647 വോട്ടിന് പരാജയപ്പെട്ടതും ചെറിയ മുറിവല്ല. കഴിഞ്ഞ തവണ 2564 വോട്ടിന്റെ ഭൂരിപക്ഷം ജലീലിനുണ്ടായിരുന്നു. അവിടെ 9914 വോട്ടുമാത്രമുണ്ടായിരുന്ന എൻ.ഡി.എ. ഇത്തവണ ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റ് രവി തേലത്തിനെ നിർത്തി 16039 വോട്ട് പിടിച്ചു.